ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പൊതുജനങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ അറിയിക്കാമെന്ന് അന്വേഷണകമ്മീഷന്‍ അറിയിച്ചു. ജയലളിതയുടെ മരണത്തില്‍ സംശയവാദങ്ങള്‍ ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തിയ സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ പൊതുജനങ്ങള്‍ക്കും പരാതി നല്‍കാനും സംശയങ്ങള്‍ ഉന്നയിക്കാനും അവസരം നല്‍കിയത്.

അന്വേഷണത്തിന്റെ ഭാഗമായി പോയസ് ഗാര്‍ഡനില്‍ ജസ്റ്റിസ് അറുമുഖസ്വാമി തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും. അതേസമയം കേസില്‍ മൂന്ന് മാസം കൊണ്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച മുതല്‍ മൂന്ന് മാസമാണ് സര്‍ക്കാര്‍ കമ്മീഷന് സമയം അനുവദിച്ചിരിക്കുന്നത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ മരിച്ചതുവരെയുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരുമെന്ന് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുണ്ടായ സാഹചര്യം, ആശുപത്രിവാസം, ചികിത്സ, മരണത്തിലേക്ക് നയിച്ച സാഹചര്യം എന്നിവയെല്ലാം കമ്മീഷന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്മീഷന്റെ അധികാര പരിധികളും സര്‍ക്കാര്‍ പ്രത്യേകം നിശ്ചയിച്ചുനല്‍കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി റിട്ട. ജഡ്ജി അറമുഖ സ്വാമിയെ അന്വേഷണ കമ്മീഷനായി സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു.