പബ്ളിക് സർവീസ് കമ്മീഷൻ നടത്തിയ അസി.പബ്ളിക് പ്രോസിക്യൂട്ടർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ സ്വകാര്യ ഏജൻസിയുടെ ഗൈഡിൽ നിന്നുള്ളതാണെന്ന വിവാദത്തിൽ അന്വേഷണം നടത്താൻ പി എസ് സി തീരുമാനം. പരീക്ഷാ പേപ്പർ വിവാദം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത നൽകിയിരുന്നു.
തൃശൂർ: പബ്ളിക് സർവീസ് കമ്മീഷൻ നടത്തിയ അസി.പബ്ളിക് പ്രോസിക്യൂട്ടർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ സ്വകാര്യ ഏജൻസിയുടെ ഗൈഡിൽ നിന്നുള്ളതാണെന്ന വിവാദത്തിൽ അന്വേഷണം നടത്താൻ പി എസ് സി തീരുമാനം. തിങ്കളാഴ്ച ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. പരീക്ഷാ പേപ്പർ വിവാദം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത നൽകിയിരുന്നു.
ആകെയുള്ള നൂറ് ചോദ്യങ്ങളിൽ 80 എണ്ണവും സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗൈഡിൽ നിന്നുള്ള പകർപ്പാണെന്നായിരുന്നു ആരോപണം. ഇക്കഴിഞ്ഞ 22നായിരുന്നു അസി.പബ്ളിക് പ്രോസിക്യൂട്ടർ ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ നടന്നത്. 35 ഓളം ഒഴിവുകളിലേക്കുള്ള നിയമനത്തിന് 1600 പേരാണ് പരീക്ഷയെഴുതിയത്.
യൂണിവേഴ്സൽ ലോ പബ്ളിഷിങ് എന്ന പുസ്തക കമ്പനി പ്രസിദ്ധീകരിച്ച യൂണിവേഴ്സൽ, മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് ഫോർ ജുഡീഷ്യൽ സർവീസ് എക്സാമിനേഷൻ എന്ന പുസ്തകത്തിൽ നിന്നുള്ള നിയമ സംബന്ധമായ 80 ചോദ്യങ്ങൾ സീരിയൽ നമ്പരുകൾ പോലും തിരുത്താതെ അതേ പടി ഉൾപ്പെടുത്തുകയായിരുന്നുവത്രെ. ഇക്കാര്യം സംബന്ധിച്ച് പരീക്ഷാർഥികൾ ചെയർമാന് നേരിട്ട് പരാതി നൽകുകയും ഏഷ്യാനെറ്റിലൂടെ വാർത്തയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പി എസ് സി അന്വേഷണത്തിന് തീരുമാനമെടുത്തത്.
