Asianet News MalayalamAsianet News Malayalam

സിപിഎം ഓഫീസിലെ റെയ്ഡ്: ചൈത്രക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് സൂചന

എസ് പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോ‍ർട്ട് ഇന്ന് ഡി ജി പിക്ക് നൽകും. കടുത്ത നടപടിയുണ്ടാകില്ലെന്ന് സൂചന. ഐ ജിയുടെ ശുപാർശ നിർണായകം.

inquiry report against chaithra theresa john hand over to dgp today
Author
Thiruvananthapuram, First Published Jan 28, 2019, 6:22 AM IST

തിരുവനന്തപുരം: സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ് പി ചൈത്ര തെരേസക്കെതിരായ അന്വേഷണ റിപ്പോ‍ർട്ട് ഇന്ന് ഡി ജി പിക്ക് കൈമാറും. എ ഡി ജി പി മനോജ് എബ്രഹാമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ടിൽ ചൈത്രക്കെതിരെ കടുത്ത ശുപാ‍ർശകളൊന്നും ഉണ്ടാകില്ലെന്നാണ് സൂചന.

തിരുവനന്തപുരം ഡി സി പിയുടെ ചുമതല വഹിക്കുന്ന തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കൽ കോളേജ് സി ഐ എന്നിവരില്‍ നിന്നെല്ലാം ഐ ജിയുടെ ചുമതല വഹിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികള്‍ പാർട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നൽകിയ വിശദീകരണം.

മുഖ്യപ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തിൽ പറയുന്നുണ്ട്. ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയുടെ നിർദ്ദേശമനുസരിക്കായിരുന്നുവെന്നാണ് മറ്റുള്ളവരുടെ വിശദീകരണം. പത്തുമിനിറ്റിൽ താഴെ മാത്രമാണ് മേട്ടുകടയിലുള്ള പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള വിശദീകരണം. 

കഴിഞ്ഞ 24നായിരുന്നു രാത്രിയിലായിരുന്നു ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയത്. അടുത്ത ദിവസം തന്നെ കോടതിയെ റെയ്ഡ് വിവരങ്ങള്‍ ചൈത്ര അറിയിച്ചിരുന്നു. നടപടികളെല്ലാം പാലിച്ചുള്ള പരിശോധനയായതിനാൽ കടുത്ത നടപടിയൊന്നും ഉദ്യോഗസ്ഥക്കെതിരെ എടുക്കാനാവില്ല. എന്നാൽ ചൈത്രക്കെതിരെ കടുത്ത നടപടിവേണമെന്നാണ് സി പി എം ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം. റെയ്ഡ് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായം പ്രകടപ്പിക്കുന്ന മുതിർന്ന പിഎസ് ഉദ്യോഗസ്ഥർ പോലും യുവ ഉദ്യോഗസ്ഥരുടെ മനോവീര്യം തർക്കരുതെന്ന രീതിയിൽ നടപടി പാടില്ലെന്ന് കടുത്ത നിലപാടിലാണ്. ഈ സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡിജിപിക്ക് നൽകുന്ന ശുപാർ‍ശ നിർണായകമായിരിക്കും.

Follow Us:
Download App:
  • android
  • ios