കോട്ടയം: ജില്ലയില്‍ എക്‌സൈസിന്റെയും പൊലീസിന്റെയും സംയുക്ത റെയ്ഡില്‍ നൂറ് കിലോ നിരോധിത ഉല്‍പന്നങ്ങള്‍ പിടികൂടി. കോട്ടയം നഗരത്തിലെ മൊത്തക്കച്ചവടക്കാരനില്‍ നിന്നാണ് നിരോധിക്കപ്പെട്ട പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. 

കടയുടമക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസും എക്‌സൈസും ചേര്‍ന്ന് മിന്നല്‍ റെയ്ഡ് സംഘടിപ്പിച്ചത്. ബീഡി, സിഗരറ്റ് പോലുള്ള വസ്തുക്കളുടെ മറവിലായിരുന്നു ഇവ വിറ്റുവന്നിരുന്നത്. 

ചാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത പുകയില ഉല്‍പന്നങ്ങള്‍. കടയില്‍ നടത്തിയ പരിശോധനയില്‍ ഇവ വാങ്ങുന്ന ഇടപാടുകാരെക്കുറിച്ചും വിവരം ലഭിച്ചുവെന്നും വരും ദിവസങ്ങളില്‍ ഇത്തരക്കാര്‍ക്കെതിരെ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.