തൃശൂർ: രാമവര്‍മ്മപുരത്തെ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരെ സ്റ്റേഷന്‍ ചുമതലകളിലേക്ക് വിന്യസിപ്പിച്ച് തൃശൂര്‍ കമ്മീഷണറുടെ ഉത്തരവ്. എ.ആര്‍ ക്യാമ്പില്‍ ആറ് കമ്പിനികളിലായി 600 ല്‍ അധികം പൊലീസുകാരുണ്ട്. ഇതില്‍ വിവിധ സുരക്ഷാ നടപടികള്‍ക്കായി 200 ലധികം പൊലീസുകാരുണ്ട്. കമ്മീഷണറുടെ ഉത്തരവോട് കൂടി സുരക്ഷാ നടപടികള്‍ക്കുള്ള പൊലീസുകാര്‍ മാത്രമാണ് ക്യാമ്പില്‍ നിലവിലുള്ളത്. 

തടവുകാരേ കൊണ്ടുപോകാന്‍ ലോക്കല്‍ സ്റ്റേഷനില്‍ നിന്നും കമ്മീഷണര്‍ ഓഫീസില്‍ എത്തി ഇനി ഉത്തരവ് കൈപ്പറ്റണം. തുടര്‍ന്ന് വാഹനുവുമായി ജയിലിലെത്തണം. ക്രമസമാധാന പാലനത്തിനായാണ് പൊലീസുകാരെ മാറ്റിയതെന്നാണ് വിശദീകരണം. എന്നാല്‍ കമ്മീഷണറുടെ ഉത്തരവ് പ്രകാരം സുരക്ഷാ ചുമതലകള്‍ക്ക് നിയോഗിക്കപ്പെടുന്ന സേനാംഗങ്ങളുടെ യാത്രാ ചിലവിനത്തില്‍ സര്‍ക്കാരിന് സാമ്പത്തിക ചിലവുണ്ടാകുമെന്നാണ് പറയുന്നത്.

വി.ഐ.പികളുടെ സുരക്ഷാ ചുമതല, തടവുകാരെ ജയിലിലെത്തിക്കൽ, ക്രമസമാധാന പാലനം തുടങ്ങിയവയ്ക്കാണ് ക്യാമ്പില്‍ നിന്നും പൊലീസിനെ നിയോഗിക്കാറ്. ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിന്‍റെ പേരില്‍ ക്യാമ്പില്‍ നിന്ന് പലപ്പോഴും പരാതികള്‍ ഉയരാറുണ്ട്. പുതിയ ഉത്തരവനുസരിച്ച് സിറ്റി പരിധിയിൽ ടൗൺ ഈസ്റ്റ് സ്റ്റേഷനിൽ 16 പേരെയും വെസ്റ്റിൽ 10 പേരെയും നിയോഗിച്ചു.

നെടുപുഴ-ആറ്, ഒല്ലൂർ-ഏഴ്, മണ്ണുത്തി-എട്ട്, പീച്ചി-ഏഴ്, ഗുരുവായൂർ-10, ടെമ്പിൾ-10,പാവറട്ടി-10, പേരാമംഗലം-ഒമ്പത്, വിയ്യൂർ-ഒമ്പത്, മെഡിക്കൽ കോളജ്-ഒമ്പത് എന്നിങ്ങനെയും മാറ്റി നിയമിച്ചു. ഇവര്‍ക്ക് രാത്രിയും പകല്‍ ഡ്യൂട്ടിയും ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളിലും ഡ്യൂട്ടി എടുക്കണം.

കമ്പിനി ഓഫീസ് ജീവനക്കാര്‍, ക്രൈംബ്രാഞ്ച് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ ആശ്രയിക്കുന്ന കാന്‍റീന്‍ അടച്ചുപൂട്ടണമെന്ന നിര്‍ദ്ദേശമാണ് മറ്റൊന്ന്. ചെറിയ തുകയ്ക്ക് പൊലീസുകാര്‍ക്ക് ഭക്ഷണം കിട്ടിയിരുന്ന കാന്‍റീനാണ് അടച്ചുപൂട്ടുന്നത്.