ജിദ്ദ: സൗദിയില്‍ പുതിയ വാഹന ഇന്‍ഷുറന്‍സ് നിയമാവലി പ്രാബല്യത്തില്‍ വന്നു തുടങ്ങി. കൂടുതല്‍ അപകടം വരുത്തുന്ന വാഹനങ്ങളില്‍ നിന്ന് കൂടുതല്‍ പ്രീമിയവും മറിച്ചാണെങ്കില്‍ കുറഞ്ഞ പ്രീമിയവും ഈടാക്കുന്നതാണ് പുതിയ ഭേതഗതി. ഇന്‍ഷൂര്‍ ചെയ്യപ്പെടുന്ന വാഹനങ്ങളുടെ പൂര്‍വകാല അപകട ചരിത്രം പരിശോധിച്ച് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്ന നിയമമാണ് പുതുതായി പ്രാബല്യത്തില്‍ വന്നത്.

സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി അംഗീകരിച്ച ഭേതഗതി പ്രകാരം ഇന്‍ഷൂര്‍ ചെയ്യപ്പെടുന്ന വാഹനത്തിന്‍റെയും ഡ്രൈവറുടെയും ആക്‌സിഡന്റ് ഹിസ്റ്ററി പരിശോധിക്കും. കൂടുതല്‍ അപകടം വരുത്തുന്നവരാണെങ്കില്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും. മറിച്ചാണെങ്കില്‍ പ്രീമിയം കുറയും. അപകടം വരുത്താത്തവര്‍ക്കുള്ള ഇളവ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ ഒരു അപകടവും വരുത്താത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ മുപ്പത് ശതമാനം വരെ ഇളവ് ലഭിക്കും. ഒരു വര്‍ഷത്തിനിടയില്‍ അപകടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍ പതിനഞ്ച് ശതമാനം ഇളവ് ലഭിക്കും.

ടാക്‌സികള്‍ക്കും കച്ചവട ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ഈ ഇളവ് ലഭിക്കില്ല. അടുത്ത ഘട്ടം മുതല്‍ അപകട ചരിത്രമുള്ളവരില്‍ നിന്ന് കൂടുതല്‍ പ്രീമിയം ഈടാക്കി തുടങ്ങും. ഡ്രൈവറുടെ പ്രായം, വാഹനത്തിന്‍റെ പഴക്കം, വാഹനം നിര്‍മിച്ച രാജ്യം, ബ്രാന്‍ഡ്‌ തുടങ്ങിയവയെല്ലാം പരിഗണിച്ചായിരിക്കും ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുക. ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തെ ബാധിക്കില്ല.

അപകട നിരക്ക് കുറയ്‌ക്കാന്‍ പ്രേരിപ്പിക്കുകയും അപകടം വരുത്താത്തവരെ അംഗീകരിക്കുകയും ചെയ്യുന്നതാണ് പുതിയ ഭേതഗതി. സൗദിയില്‍ വാഹനാപകടങ്ങള്‍ മൂലം വര്‍ഷത്തില്‍ 7500 പേര്‍ മരിക്കുകയും 68000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നു. 1800 കോടി റിയാലിന്റെ നാശനഷ്‌ടങ്ങള്‍ ആണ് ഓരോ വര്‍ഷവും വാഹനാപകടങ്ങള്‍ മൂലം സംഭവിക്കുന്നത്.