ജീവനക്കാരിയുമായുള്ള ക്രാസ്നിച്ചിന്റെ വഴിവിട്ട ബന്ധം ഏറെനാളായുള്ളതാണെങ്കിലും അടുത്തിടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

ജീവനക്കാരിയുമായി വഴിവിട്ട ബന്ധത്തെ തുടര്‍ന്ന് പ്രമുഖ ഐ.ടി കമ്പനിയായ ഇന്റല്‍ കോര്‍പറേഷന്‍ സിഇഒ ബ്രയാന്‍ ക്രാസ്നിച്ചിനെ പുറത്താക്കി. കമ്പനിയിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ക്ക് ബാധകമായ പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചില്ലെന്ന വിലയിരുത്തലിലാണ് നടപടി. കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ റോബര്‍ട്ട് സ്വാനിനാണ് താല്‍ക്കാലികമായി സിഇഒയുടെ ചുമതല നല്‍കിയിരിക്കുന്നത്.

ജീവനക്കാരിയുമായുള്ള ക്രാസ്നിച്ചിന്റെ വഴിവിട്ട ബന്ധം ഏറെനാളായുള്ളതാണെങ്കിലും അടുത്തിടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് സിഇഒയുടെ രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. എല്ലാ ജീവനക്കാര്‍ക്കും കമ്പനിയുടെ പൊതു പെരുമാറ്റച്ചട്ടം ബാധകമാണെന്നും ഇന്റല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ക്രാസ്നിച്ചുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്റല്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.

1982ല്‍ എഞ്ചിനീയറായാണ് ക്രാസ്നിച്ച് ഇന്റലിലെത്തിയത്. തുടര്‍ന്ന് വിവിധ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം 2013 മേയിലാണ് സിഇഒ ആയി ചുമതലയേറ്റത്. പുതിയ സിഇഒയെ കണ്ടെത്താന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശ്രമം തുടങ്ങി. കമ്പനിയിലെ തന്നെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരെയും പുറമെ നിന്നുള്ള ഏതാനും പ്രമുഖരെയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.