ദില്ലി: മുംബൈ മാതൃകയില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 

സ്വാതന്ത്ര്യ ദിനത്തില്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരമേഖലയില്‍ സുരക്ഷ ശക്തമാക്കി. അതിനിടെ, പാക് അധിനിവേശ കശ്മീരിലെ ഗില്‍ഗിറ്റ്ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ആയിരത്തോളം പേര്‍ പ്രതിഷേധ പ്രകടനം നടത്തി.

മുംബൈ ഭീകരാക്രമണ മാതൃകയില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ കടല്‍ വഴി ഇന്ത്യയിലേക്കെത്താന്‍ സാധ്യതയുണ്ടെന്നാണ് സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം. ആയുധക്കടത്തിനും സാധ്യതയുള്ളതിനാല്‍ തീരമേഖലയില്‍ സുരക്ഷ ശക്തമാക്കി. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. തീരസുരക്ഷാ സേനയ്ക്കും നാവികസേനയ്ക്കും പൊലീസിനുമാണ് സുരക്ഷ ചുമതല. 

ഇന്ത്യയിലേക്കെത്തുന്ന കപ്പലുകളില്‍ പരിശോധന കര്‍ശനമാക്കി. മൂന്ന് സുരക്ഷാപരിശോധനയ്ക്ക് ശേഷമാണ് കപ്പലുകളില്‍ നിന്ന് ചരക്കുകളിറക്കുന്നത്. അതിര്‍ത്തി വഴി തീവ്രവാദികള്‍ നുഴഞ്ഞുകയറിയേക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കുല്‍ഗാം ജില്ലയില്‍ ഇന്നലെ രാത്രി തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസുകാരനും നാട്ടുകാരനും മരിച്ചിരുന്നു. പാക് അധിനിവേശ കശ്മീരിലെ ഗില്‍ഗിറ്റ്ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. സ്വാതന്ത്ര്യം വേണമെന്നും പാകിസ്ഥാന്‍ സൈന്യം പിന്മാറണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സൈന്യത്തിന്റെ പിടിയിലായ 500 യുവാക്കളെ വെറുതെവിടണമെന്നും ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചു.