പ്രളയത്തില്‍ നഷ്ടമായ വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ കുടുബശ്രീ വഴി ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ. നാലു വര്‍ഷം വരെ തിരിച്ചടവ് കാലാവധി.
തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്ക് കുടുംബശ്രീ വഴി അനുവദിക്കുന്ന ബാങ്ക് വായ്പ പദ്ധതിയില്‍ കല്ലുകടി. പദ്ധതി പ്രഖ്യാപിച്ച ശേഷം അയല്‍ക്കൂട്ടങ്ങള്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നില്ലെന്നാണ് പരാതി. അടിയന്തര സഹായമായ പതിനായിരം രൂപ ലഭിക്കാത്ത അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കും വായ്പ നിഷേധിക്കുന്നെന്നും പരാതിയുണ്ട്.
പ്രളയത്തില്‍ നഷ്ടമായ വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ കുടുബശ്രീ വഴി ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ. നാലു വര്‍ഷം വരെ തിരിച്ചടവ് കാലാവധി. പ്രളയമേഖലകളില്‍ വലിയ ആശ്വാസമാകുമെന്ന് കരുതിയ ഈ വായ്പാ പദ്ധതി പക്ഷേ താഴെതട്ടില്‍ വലിയ തരംതിരിവുകള്‍ക്കും വിവേചനത്തിനുമാണ് കാരണമാകുന്നത്.
ആറന്‍മുള പഞ്ചായത്തില്‍ ഒരാഴ്ചയോളം വെളളത്തിലായ എടശേരിമനയിലെ ശാരദാ രാജുവിന്‍റെ അനുഭവം നോക്കാം. ഇവരെ അയല്‍ക്കൂട്ടത്തില്‍ ചേര്‍ക്കുന്നില്ല. പ്രശ്നത്തില്‍ പഞ്ചായത്ത് ഭരണസമിതിയെ രമണി സമീപിച്ചു. പക്ഷേ അവരും കൈയൊഴിഞ്ഞു. കുടുംബശ്രീയില്‍ സിഡിഎസായിട്ടും വായ്പ ലഭിക്കാത്ത പ്രശ്നമാണ് ഇതേ ഗ്രാമത്തില്‍ നിന്നുളള രമണി പറയുന്നത്.
ഒരാഴ്ച വീട് വെളളത്തില്‍ മുടങ്ങിയിട്ടും അടിയന്തര സഹായമായ പതിനായിരം രൂപ രമണിക്ക് കിട്ടിയില്ല. അതിനാല്‍ തന്നെ കുടുംബശ്രീ വായ്പയും കിട്ടില്ല.
താഴെതട്ടിലുളള ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതേ ഉളളൂ എന്നാണ് കുടുംബശ്രീ അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് ഒരു ലക്ഷത്തി അറുപത്തിനായിരത്തിലേറെ പേരാണ് കുടുംബശ്രീ വായ്പയ്ക്കായി അപേക്ഷ നല്‍കിയിട്ടുളളത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നാണ് ഏറ്റവുമധികം അപേക്ഷകര്‍.
