അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ച കോടതി വേണു ​ഗോപാലകൃഷ്ണന്റെ അറസ്റ്റ് തടയുകയും ചെയ്തിട്ടുണ്ട്. 

കൊച്ചി: ലൈം​ഗിക പീഡന പരാതിയിൽ ഐടി വ്യവസായി വേണു​ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ച കോടതി വേണു ​ഗോപാലകൃഷ്ണന്റെ അറസ്റ്റ് തടയുകയും ചെയ്തിട്ടുണ്ട്. ഹണിട്രാപ്പിലൂടെ 30 കോടി രൂപ തട്ടാൻ ശ്രമിച്ചെന്ന പരാതിയാണ് കേസില്‍ ആദ്യം പുറത്തു വന്നത്. പിന്നീടാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. വ്യവസായി നടത്തിയ ലൈംഗിക അതിക്രമം എതിർത്തതോടെ കേസിൽ കുടുക്കുക ആയിരുന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കൂടുതൽ വിവരങ്ങള്‍ പുറത്ത് വരുന്നത്. 

തുടര്‍ന്ന് യുവതിയുടെ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇൻഫോ പാർക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ് സെവൻ ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.

ഗുരുതര ആരോപണമാണ് യുവതി ഉയര്‍ത്തിയത്. വേണു ഗോപാലകൃഷ്ണൻ തൊഴിലിടത്തിൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് അടക്കം യുവതി പരാതി നൽകി. യുവതിയുടെ മൊഴിയെടുത്ത ഇൻഫോപാർക്ക് പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തത്. എന്നാൽ പണം തട്ടാനുള്ള ശ്രമം പാളിയതിനെ തുടർന്നാണ് സിഈഒ ക്കും കമ്പനിക്കുമെതിരെ യുവതി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് വേണു ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.

ഒന്നരവർഷം കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണന്റെ എക്സിക്യുട്ടിവ് അസിസ്റ്റന്‍റായിരുന്ന യുവതി 2 മാസം മുമ്പാണ് ഇയാൾ നൽകിയ പരാതിയെ തുടർന്ന് ഹണി ട്രാപ്പ് കേസിൽ പ്രതിയാകുന്നത്. ഇവരെയും ഭർത്താവിനെ രണ്ടാം പ്രതിയുമാക്കിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ യുവതി കമ്പനി സിഇഒ തന്നെ തൊഴിലിടത്തിൽ വെച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തൊഴിൽ സുരക്ഷ ഭയന്നാണ് നേരത്തെ പരാതി പറയാതിരുന്നതെന്നും സൈബർ തെളിവുകളടക്കം തന്റെ കൈവശമുണ്ടെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming