കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് കാസിമിനാണ് എ.ടി.എം തട്ടിപ്പുകാരുടെ വിളിവന്നത്.ജാര്‍ഖണ്ഡില്‍ നിന്നെന്ന് സംശയിക്കുന്ന ഫോൺകോളില്‍ ഹിന്ദിയില്‍ ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് വിളിച്ചത്.നിങ്ങളുടെ എ.ടി.എമ്മിന്‍റെ കാലാവധി കഴിയാറായിരിക്കുന്നുവെന്നും പുതുക്കുന്നതിന് വേണ്ടി കാര്‍ഡിന്‍റെ വിവിരങ്ങള്‍ പറയണമെന്നുമായിരുന്നു ആവശ്യം.

തട്ടിപ്പ് കഥകള്‍ അറിയാവുന്ന കാസിം വിവരങ്ങള്‍ നല്‍കാൻ തയ്യാറാകാതെ വന്നതോടെ ക്ഷമ പറഞ്ഞ് സംഘത്തില്‍ ചേരാൻ ക്ഷണിക്കുകയായിരുന്നു.മലയാളവും ഹിന്ദിയും അറിയുന്നവരെയാണ് വേണ്ടതെന്നും മലയാളത്തില്‍ സംസാരിച്ച് ബാങ്ക് ഇടപാടുകാരുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കണമെന്നുമായിരുന്നു ആവശ്യം.

ഓരോ ഇടപാടിലും തട്ടിച്ചെടുക്കുന്ന പണത്തിന്‍റെ പകുതി തുക പ്രതിഫലമായി നല്‍കാമെന്നും സംഘം കാസിമിനോട് പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഹിന്ദിയിലും ഇംഗീഷിലും വിളിക്കുന്നത് ഇപ്പോള്‍ ഇടപാടുകാര്‍ സംശയത്തോടെയാണ് കാണുന്നത്.ഇത്തരക്കാരെ വിശ്വസിപ്പിക്കാനാണ് മലയാളികളെ സംഘത്തില്‍ കൂട്ടാൻ അന്യസംസ്ഥാന മാഫിയ നീക്കം നടത്തുന്നത്.

എ.ടി.എം തട്ടിപ്പുകേസിന്‍റെ അന്വേഷണവുമായി പൊലീസ് ഒരുവഴിക്ക് പോകുമ്പോള്‍ അതിനെയൊന്നും വിലവക്കാതെ തട്ടിപ്പിന് സുരക്ഷിതമായ പുതിയ വഴികള്‍ തേടുകയാണ് അന്യസംസ്ഥാന മാഫിയ.