ക്വാളിറ്റിയേക്കാൾ ക്വാണ്ടിറ്റിക്ക് പ്രാധാന്യം കുമ്പസാരം നിർത്തലാക്കാൻ അവർ ഒരിക്കലും സമ്മതിക്കില്ല മതം വ്യക്തിപരമാകണം പ്രതികരിക്കുന്ന ഇരകളുടെ അവസ്ഥ ഭയാനകമായിരിക്കും
ആത്മീയതയില്ലായ്മയാണ് ഇന്നത്തെ സഭാ പ്രതിസന്ധികൾക്ക് കാരണമെന്ന് സിസ്റ്റർ ജെസ്മി. ആത്മീയ ജീർണ്ണതയും സുഖലോലുപതയും ആഡംബര ജീവിതവും അധികാരവും സഭയെ മലിനപ്പെടുത്തിയിരിക്കുന്നു. സഭയിപ്പോൾ ഒരു കോർപറേറ്റ് സ്ഥാപനം പോലെയാണ്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ഓർത്തഡോക്സ് സഭാ വൈദികരും നേരിടുന്ന ലൈംഗിക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പത്ത് വർഷം മുന്‍പ് സന്യാസ വസ്ത്രമുപേക്ഷിച്ച് സഭയിൽ നിന്ന് പുറത്ത് കടന്ന സിസ്റ്റർ ജെസ്മി സംസാരിക്കുന്നു.
ആത്മീയതയില്ലാത്ത സഭ
സഭയിൽ ആത്മീയതയ്ക്ക് പ്രാധാന്യം കുറഞ്ഞു. ആരാധനാഭ്യാസങ്ങളാണ് ഇപ്പോൾ സഭയിൽ നടക്കുന്നത്. അനുഷ്ഠാനങ്ങൾ ധാരാളമുണ്ട്. എന്നാൽ ആത്മീയത ചോർന്നുപോയി. ആരാധനകളും ഭക്തിയും എല്ലാം കോർപറേറ്റ് വ്യവസായമായി പരിണമിച്ചു. പണത്തോടുള്ള അത്യാർത്തിയായി എല്ലായിടത്തും. അങ്ങനെ പണം ധാരാളമായിക്കഴിഞ്ഞപ്പോൾ അധികാരമോഹം വന്നു. പണം കൊണ്ട് എന്തും നേടിയെടുക്കാൻ ഇപ്പോൾ സഭയ്ക്ക് സാധിക്കും. സഭയ്ക്കെതിരേ പണംകൊണ്ട് ജയിക്കാൻ സാധിക്കില്ല. കേസു നടത്തിയാലും അവർ പണം എറിഞ്ഞ് ഇറങ്ങിപ്പോരും. അഭയ കേസ് ഇരുപത്തേഴ് കൊല്ലമായിട്ടും ഒരിടത്തും എത്താതെ നിൽക്കുന്നത് അതുകൊണ്ടാണ്. ആഡംബരജീവിതമാണ് ഇപ്പോൾ സഭയിലുള്ളത്. ആത്മീയത പോയിക്കഴിഞ്ഞാൽ പിന്നെ സാധാരണ മനുഷ്യരല്ലേ? സുഖലോലുപതയിലേക്കായിരിക്കും പിന്നെ നോട്ടം. അധികാരമുള്ളപ്പോൾ എന്തും ചെയ്യാമല്ലോ.
സഭ ഒരു സ്ഥാപനം പോലെയായി. അതിന്റെ ഒരു ജീർണ്ണതയുണ്ട് സഭയിൽ. ഇപ്പോൾ സംഭവിച്ചിരിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും കാരണം ആ ജീർണ്ണതയാണ്. ആമേനിൽ ഞാൻ ഈ അവസ്ഥയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പണ്ടും ഇത്തരം സംഭവങ്ങൾ സഭയിൽ നടന്നിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ പൊതുസ്വഭാവം പോലെ അടിച്ചമർത്തി വച്ചിരിക്കുന്ന അവസ്ഥയായിരുന്നു. ഞാനത് തുറന്ന് എഴുതിയപ്പോൾ അത്തരം സംഭവങ്ങൾ കുറയുമെന്ന് കരുതി. എന്നാൽ കൂടുതൽ സംഭവങ്ങൾ പുറത്തു വരികയാണ് ചെയ്തത്.
ക്വാളിറ്റിയേക്കാൾ ക്വാണ്ടിറ്റിക്ക് പ്രാധാന്യം
'ക്വാണ്ടിറ്റിക്ക്' പ്രാധാന്യം കൊടുത്ത് 'ക്വാളിറ്റി'ക്ക് പ്രാധാന്യം കുറച്ചപ്പോഴാണ് സഭയിൽ ആത്മീയത ഇല്ലാതായത്. എങ്ങനെയെങ്കിലും സഭയിൽ സന്യസ്തരുടെ എണ്ണം കൂട്ടുക എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞു. ചില സഭാ മേലധികാരികൾ തന്നെ പറയുന്നുണ്ട്, അവർ ക്വാളിറ്റിയല്ല ക്വാണ്ടിറ്റിയാണ് നോക്കുന്നതെന്ന്. പെട്ടെന്നൊരു ദിവസം ചീഞ്ഞു പോയ ഒരു മാങ്ങയല്ല ഇത്. മരത്തിനാണ് കേട്. മരം ചീഞ്ഞതായത് കൊണ്ടാണ് മാങ്ങകളും ചീഞ്ഞുപോയത്. വലിയ രീതിയിലുള്ള ഒരു നവീകരണം ആവശ്യമായി വരുന്നുണ്ട്.
റോബിനച്ചന്റെ സംഭവം നടന്നപ്പോൾ ഇനി അങ്ങനെയൊരു സംഭവം ആവർത്തിക്കില്ല എന്നാണ് കരുതിയത്. എന്നാൽ പിന്നീട് ഇത്തരം സംഭവങ്ങളുടെ വെളിപ്പെടുത്തൽ പരമ്പര തന്നെയുണ്ടായി. ആത്മീയത ഇല്ലാതെ ഒരു സാധാരാണ മനുഷ്യനായിട്ടാണ് വൈദികൻ കുമ്പസാരക്കൂട്ടിൽ ഇരിക്കുന്നത്. അതുകൊണ്ട് തന്നെ മനുഷ്യസഹജമായ ചപലതകളും അദ്ദേഹത്തിനുണ്ടാകും. കുമ്പസാരമെന്ന കൂദാശയെ ചൂഷണം ചെയ്ത് അത് പീഡനത്തിനുള്ള പാതയാക്കുന്നത് അങ്ങനെയാണ്. മനുഷ്യനായി കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ അവരുടെ അധമവികാരങ്ങൾ ഉണരുന്നു. അവരത് മുതലാക്കുന്നു. അതാണ് ഓർത്തഡോക്സ് സഭയിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഇവരെന്തിനാണ് അച്ചനാകാൻ പോകുന്നത്? സാധിക്കില്ലെങ്കിൽ പുറത്തു പോകാനുള്ള സാഹചര്യമുണ്ടല്ലോ.
അരമനക്കോടതി
സാധാരണ അരനക്കോടതികൾ പ്രവർത്തിക്കുന്നത് വിവാഹമോചന കേസുകളിലാണ്. കോടതിയിൽ നിന്ന് വിവാഹമോചനം നേടി വേറെ വിവാഹം കഴിച്ചാലും ചിലപ്പോൾ സഭയിൽ നിന്ന് വിവാഹമോചനം ലഭിക്കില്ല. അതിങ്ങനെ നീട്ടിക്കൊണ്ടു പോകും. വിവാഹ മോചനക്കേസുകളിൽ മാത്രമേ അരമനക്കോടതി ഇടപെടുകയുളളൂ. എന്നാൽ ഒരു കന്യാസ്ത്രീയുടെയോ അച്ഛന്റെയോ പ്രശ്നങ്ങൾ അരമനക്കോടതി കൈകാര്യം ചെയ്യുന്നത് ഞാനിതുവരെ കേട്ടിട്ടില്ല. അരമനക്കോടതി വിശ്വാസികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അല്ലാതെ അച്ഛന്മാർക്കോ കന്യാസ്ത്രീകൾക്കോ അവിടെ പരാതി പറയാനുള്ള ഇടമില്ല. ഞാൻ പുറത്തു പോയപ്പോൾ എന്നോട് എല്ലാവരും ചോദിച്ചു, അവിടെ അരമനക്കോടതി ഇല്ലേ എന്ന്. ഒരു കന്യാസ്ത്രീ റേപ്പ് ചെയ്യപ്പെട്ട കാര്യം പറയാൻ സാധിക്കില്ല. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നമുക്കത് മദറിനോട് പോയി പറയാൻ അവസരമുണ്ട്. എന്നാൽ എന്നോട് ഇഷ്ടമില്ലാത്ത ഒരു മദറാണെങ്കിൽ എന്റെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാകില്ല. ആരെപ്പറ്റി പറയുന്നോ അയാളുടെ ഒപ്പമായിരിക്കും മദർ.
ഗ്രൂപ്പിസമുണ്ട്
അതിതീവ്രമായി ഗ്രൂപ്പിസമുള്ള ഇടമാണ് കന്യാസ്ത്രീ മഠങ്ങൾ. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായെങ്കിൽ മാത്രമേ അവിടെ നിലനിൽക്കാൻ സാധിക്കൂ. ഞാൻ പരാതി പറയുന്നത് മദറിന് താത്പര്യമുളള ഗ്രൂപ്പാണെങ്കിൽ എനിക്ക് നീതി കിട്ടില്ല. എന്നാൽ ചിലർ നിഷ്പക്ഷമായി നിൽക്കും. അങ്ങനെയുള്ളവർ ചുരുക്കമാണ്. ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന മേലധികാരികൾ ആരെയൊക്കയോ പേടിക്കുന്നുണ്ട്. മദറല്ലാതിരുന്നിട്ടും അങ്ങനെ ഭാവിച്ച് നടക്കുന്നവരുമുണ്ട് കന്യാസ്ത്രീ മഠങ്ങളിൽ. ജൂനിയേഴ്സ് ആയ സിസ്റ്റേഴ്സിനൊക്കെ അവരെ പേടിയാണ്. ഭയപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ് അവരുടേതെന്ന് എന്നോട് അവരുടെ അധ്യാപകർ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരോട് മിണ്ടാൻ പാടില്ല. ചിരിക്കാൻ പാടില്ല എന്നൊക്കെയാണ് നിയമങ്ങൾ. ശരിക്കും പറഞ്ഞാൽ കാരാഗൃഹ ജീവിതമാണ് അവിടെ. അച്ചടക്കം ആവശ്യത്തിന് മതി എന്നാണ് എന്റെ നിലപാട്. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അച്ചടക്കത്തിൽ എങ്ങനെയാണ് നന്മ ചെയ്യാൻ സാധിക്കുന്നത്?
സഭകളിൽ ഡെമോക്രസിയില്ല, ഹയറാർക്കിയേ ഉളളൂ. എന്നോട് ഒരു സിസ്റ്റർ ആദ്യം ഇത് പറഞ്ഞപ്പോൾ ഞാൻ ഷോക്കായിപ്പോയി. അനുസരണം എന്ന വാക്കിന് അവർ കൊടുക്കുന്ന അർത്ഥം അടിച്ചമർത്തൽ എന്നാണ്. അവർക്കിഷ്ടമുള്ളവർക്ക് സ്വാതന്ത്ര്യം കൊടുക്കും. അല്ലാത്തവരെ അടിച്ചമർത്തും. ചില വീടുകളിലെ അമ്മായിഅമ്മ- മരുമകൾ പോര് കണ്ടിട്ടില്ലേ? ഇതുപോലെ നൂറ്കണക്കിന് അമ്മായിഅമ്മമാരും മരുമക്കളുമുണ്ട് കന്യാസ്ത്രീ മഠങ്ങളിൽ.
കുമ്പസാരം നിർത്തലാക്കാൻ അവർ ഒരിക്കലും സമ്മതിക്കില്ല
ഈ നിലയിൽ സഭ തുടരുന്നിടത്തോളം കാലം കുമ്പസാരം നിർത്തലാക്കാൻ സഭ തയ്യാറാകില്ല. കാരണം ഈ കൂദാശയ്ക്ക് സഭയിൽ അത്രയേറെ പ്രാധാന്യമുണ്ട്. ഏത് മതത്തിന്റെ ആചാരങ്ങളാണെങ്കിലും പ്രധാനപ്പെട്ടതിനെ മാറ്റി നിർത്താൻ ആരും തയ്യാറാകില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണ്. മനസാക്ഷി അനുസരിച്ച് ചെയ്യേണ്ടത് അവരാണ്. സ്ത്രീകളെ സ്ത്രീകൾ കുമ്പസാരിപ്പിക്കുന്ന കാര്യത്തിലും പ്രശ്നമുണ്ട്. കാരണം കുമ്പസാരം എന്നത് രഹസ്യസ്വഭാവമുള്ളതാണ്. സ്ത്രീകൾക്ക് രഹസ്യം സൂക്ഷിക്കാൻ സാധിക്കുമോ എന്നതും ഒരു ചോദ്യമാണ്. കൂദാശകൾ ഒരു കാരണവശാലും അവർ സ്ത്രീകൾക്ക് വിട്ടുകൊടുക്കില്ല.
എന്റെ അഭിപ്രായത്തിൽ കത്തോലിക്കാ സഭ ആൺകോയ്മയുടെ വിളനിലമാണ്. പുരുഷാധിപത്യത്തിന്റെ സഭയാണത്. ഒരു കൂദാശയും നിർത്തലാക്കാനോ വിട്ടുകൊടുക്കാനോ അവർ തയ്യാറാകില്ല. കഴിഞ്ഞ വർഷം ഓർത്തഡോക്സ് സഭയിൽ ഒരു വികാരിയച്ചന്റെ അടുക്കൽ ഒരു സ്ത്രീ കുമ്പസാരിച്ച കാര്യം അദ്ദേഹം മറ്റൊരു സ്ത്രീയോട് പറഞ്ഞതായി കേട്ടിട്ടുണ്ട്. ആ സ്ത്രീ കുമ്പസാരിച്ച സ്ത്രീയോട് അക്കാര്യം പറഞ്ഞ് അപമാനിക്കുകയും അവർ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. അവർ കത്തെഴുതി വച്ചിരുന്നു എന്ന് പിന്നീട് പറഞ്ഞു. തക്കതായ കഴിവും മനസ്സാന്നിദ്ധ്യവുമുള്ള സ്ത്രീകൾ കൗൺസിലിംഗ് നടത്തുകയാവും ഏറ്റവും ഉചിതം. അതാണ് ചെയ്യേണ്ടത്.
ഇരകൾ പ്രതികരിച്ചാൽ?
അതിഭീകരമായ അവസ്ഥയായിരിക്കും അവർ നേരിടേണ്ടി വരുന്നത്. ജലന്ധർ ബിഷപ്പിന്റെ പീഡനക്കേസിൽ അകപ്പെട്ട കന്യാസ്ത്രീക്ക് ഒരു ഗുണമുണ്ട്. അവർക്കൊപ്പം ആ മഠത്തിലെ കുറച്ചു കന്യാസ്ത്രീകളുണ്ട്. അവരുടെ അനിയത്തി കന്യാസ്ത്രീയാണ്. ബന്ധത്തിലുള്ള ഒരാൾ അച്ചനാണ്. പിന്നെ അവരുടെ മാതാപിതാക്കൾ പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. വീട്ടുകാരുടെ പിന്തുണ ഉളളത് കൊണ്ടാണ് ആ സന്യാസിനിക്ക് അവിടെ നിന്ന് പൊരുതാൻ സാധിക്കുന്നത്. ധീരതയോടെ നിൽക്കാൻ ഒരാളെങ്കിലും വേണം. എനിക്കത് സാധിക്കാത്തത് കൊണ്ടാണ് ഞാൻ പുറത്തു വന്നത്.
അവിടെ ഉണ്ടായിരുന്ന ഇരുപത്തിമൂന്ന് കൊല്ലം ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഒരു തിരുത്തൽ ശക്തിയായിട്ടാണ് ഞാനവിടെ നിന്നത്. അവസാനം എന്നെ മാനസിക രോഗിയാക്കാനും ചികിത്സിക്കാനുമുള്ള ശ്രമം ആരംഭിച്ചപ്പോഴാണ് ഞാൻ പുറത്ത് വന്നത്. എന്നെ നിശ്ശബ്ദരാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മരുന്ന് കഴിച്ച് എവിടെയെങ്കിലും മൂലയ്ക്ക് ഇരുന്നോളുമല്ലോ. ഞാനിവടെ ഉണ്ടായിരുന്ന സമയത്ത് മെന്റലായിട്ടുള്ള സിസ്റ്റേഴ്സിനെ കണ്ടിട്ടുണ്ട്. അതെങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ ഊഹിക്കാൻ സാധിക്കുന്നുണ്ട്. കോഴിക്കോട് ഒരച്ചൻ പ്രസംഗത്തിനിടയിൽ പറഞ്ഞതാണ്. ബോധമുള്ള ആറോളം അച്ചൻമാരെ മെന്റൽ ഹോസ്പിറ്റലിൽ ചികിത്സിക്കുന്നുണ്ടന്ന്. അവർ ഒരുപക്ഷേ സഭയ്ക്കെതിരെ സംസാരിച്ചവരായിരിക്കാം. എതിർത്ത് സംസാരിക്കുന്നവരൊക്കെ എത്തിപ്പെടുന്നത് മാനസിക രോഗ കേന്ദ്രങ്ങളിലാണ്.
മതം വ്യക്തിപരമാകണം
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സന്യസ്തർ അങ്ങനെ ജീവിക്കട്ടെ. അവരെ സഭാ ശുശ്രൂഷ തുടരാൻ അനുവദിക്കുക. പിന്നെ നിർബന്ധിച്ച് സെമിനാരികളിലും മഠങ്ങളിലും എത്തിക്കാതിരിക്കുക. മതപരമായ കാര്യങ്ങൾ പൊതുകാര്യമായി മാറ്റാതിരിക്കുക എന്നതും പ്രധാനമാണ്. ഇഷ്ടമുള്ളവർ മതത്തിൽ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യട്ടെ. വ്യക്തിപരമായി മാറണം മതവിശ്വാസങ്ങൾ. വിശ്വാസികൾ അടിമകളാകാതെ സ്വതന്ത്രരാകണം. ലോജിക്കലായി ചിന്തിച്ച് വിശ്വാസത്തിന് അടിമകളാകാതിരിക്കട്ടെ. സന്യാസം ആവശ്യമാണ്. പക്ഷെ അതൊരു ന്യൂനപക്ഷം ആളുകളേ അർഹിക്കുന്നുള്ളൂ. മറ്റൊന്ന് ഒരു മൂന്നാം പാതയാണ്. ഒരാൾ സ്വയം പര്യാപ്തരായി സന്യാസത്തിന്റെയോ കുടുംബജീവിതത്തിന്റെയോ കെട്ടുപാടുകളില്ലാതെ ജോലിയും പാർപ്പിടവും കണ്ടെത്തി സ്വസ്ഥമായി ജിവിക്കട്ടെ.
