Asianet News MalayalamAsianet News Malayalam

ടി.എം കൃഷ്ണ; സംഗീതം വിമോചനത്തിന്റെ ആയുധമാക്കിയ പോരാളി

interview with tm krishna
Author
First Published Jul 29, 2016, 5:42 AM IST
  • Facebook
  • Twitter
  • Whatsapp

സംഗീതരംഗത്തെ ജാതിവേലി തകര്‍ത്തില്ലെങ്കില്‍ പ്രസിദ്ധമായ ചെന്നൈ സംഗീതോത്സവത്തില്‍ ഇനി പാടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച വ്യക്തി കൂടിയാണ് കൃഷ്ണ. കര്‍ണാടക സംഗീതലോകത്തെ ചര്‍ച്ച ചെയ്യപ്പെടാതിരുന്ന ബ്രാഹ്മണിക്കല്‍ വരേണ്യത്വം തുറന്നു പറയാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍, കഴിഞ്ഞ ഡിസംബറില്‍ ടി.എം കൃഷ്ണയുമായി നടത്തിയ അഭിമുഖത്തില്‍ സംഗീത രംഗത്ത് വിശേഷിച്ചും പൊതുവില്‍ രാജ്യത്താകമാനവും നിറഞ്ഞുനില്‍ക്കുന്ന ജാതി വെറിയുടെയും ലിംഗവിവേചനത്തിന്റെയും രാഷ്ട്രീയത്തെപ്പറ്റി അദ്ദേഹം വിശദമായി സംസാരിച്ചു. കര്‍ണ്ണാടക സംഗീതത്തില്‍ കാലാന്തരത്തില്‍ സംഭവിച്ച സവര്‍ണ ആധിപത്യം മുതല്‍ ബിജെപി ഭരണത്തിന്റെ തുടക്കം മുതല്‍ രാജ്യത്ത് ചര്‍ച്ചചെയ്യപ്പെടുന്ന അസഹിഷ്ണുതാ വിവാദങ്ങളെപ്പറ്റിയും തമിഴ്മനാടിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റിയും അദ്ദേഹം അഭിമുഖത്തില്‍ വിശദമായി സംസാരിക്കുന്നുണ്ട്.

അഭിമുഖത്തിന്റെ പ്രസ്കത ഭാഗങ്ങള്‍...

എം.ജി രാധാകൃഷ്ണന്‍: കര്‍ണ്ണാടക രംഗത്ത് ലോകമെമ്പാടും അറിയപ്പെടുന്ന വ്യക്തിയായിരിക്കെത്തന്നെ സംഗീത രംഗത്ത് അധികമാരും ഉന്നയിക്കാത്ത വിഷയങ്ങള്‍ താങ്കള്‍ ഉറക്കെ വിളിച്ചുപറഞ്ഞിട്ടുണ്ട്. ജാതി, ലിംഗനീതി, രാഷ്ട്രീയം, സാമ്പത്തികവും സാമൂഹികവുമായ ഉച്ചനീചത്വങ്ങള്‍ അവയുടെ രാഷ്ട്രീയം എന്നിവയൊക്കെ ശുദ്ധ സംഗീതത്തിന്റെ ഇടയിലേക്ക് കൊണ്ടുവരാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയുന്നു?

ടി.എം കൃഷ്ണ: പാടുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്താന്‍ പോരേ, എന്തിനാണിങ്ങനെ രാഷ്ട്രീയം പറയുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ,സംഗീതവും അത് നല്‍കുന്ന അനുഭവങ്ങളും തന്നെയാണ് എന്നെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാനും പ്രേരിപ്പിക്കുന്നത്. സമൂഹത്തില്‍ ഉന്നത നിലയില്‍ ജീവിച്ചിരുന്ന ഉയര്‍ന്ന ജാതിയില്‍ ജീവിച്ചിരുന്ന കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ആ സംഗീതലോകത്തിന്റെ ഭാഗമാണ് ഞാനിപ്പോഴും. അതിലെ സവര്‍ണ അധിപത്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുകയും അതില്‍ തെറ്റൊന്നുമില്ലെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നയാളാണ് ഞാന്‍. ഞാന്‍ പാടുന്ന ഈ സംഗീതം എന്താണെന്ന് ആലോചിച്ച് തുടങ്ങിയപ്പോഴാണ് എന്നില്‍ ചോദ്യങ്ങള്‍ രൂപം കൊണ്ട് തുടങ്ങിയത്. വിമോചനാത്മകമായ അനുഭവമാണ് സംഗീതം അതിന്റെ ആന്തരികാര്‍ത്ഥത്തില്‍ പ്രദാനം ചെയ്യുന്നതെന്ന് എനിക്ക് തിരിച്ചറിയാനായി. പക്ഷേ അത്തരമൊരു വിമോചനത്തിലേക്ക് എത്തിച്ചേരണമെങ്കില്‍ സംഗീത ലോകത്തികത്തും അതിന് ചുറ്റിലും ഇരുള്‍ പരത്തുന്ന സാമൂഹിക, ലിംഗ, ജാതി, വര്‍ഗ്ഗ മാറാലകളെ നീക്കം ചെയ്യണം. ആ തിരിച്ചറിവില്‍ നിന്നാണ് ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയത്. സംഗീത ലോകത്ത് നിലനിന്നിരുന്ന വിലക്കുകകളെ ഞാന്‍ എനിക്ക് വേണ്ടിത്തന്നെയാണ് ഭേദിച്ചു തുടങ്ങിയത്.

എംജി രാധാകൃഷ്ണന്‍: കര്‍ണ്ണാടക സംഗീതത്തിന്റെ ആസ്ഥാനമായി ചെന്നൈ മാറിയ കഴിഞ്ഞ 150 വര്‍ഷങ്ങളിലാണ് ഒരു തരത്തിലുള്ള ബ്രാഹ്മണ, പുരുഷ ആധിപത്യം ശക്തമായതെന്ന് താങ്കള്‍ എഴുതിയിരുന്നല്ലോ. അതിനെപ്പറ്റി...

ടിഎം കൃഷ്ണ: ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന വസ്തുതയാണത്. ഇന്ന് നാം നേരിടുന്ന മിക്കവാറും സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളുടെയും തുടക്കം 1850കള്‍ തൊട്ട് ഇങ്ങോട്ടുള്ള കാലഘട്ടത്തിലായിരുന്നല്ലോ. സ്വാതന്ത്ര്യ സമരം, ദേശീയത, ഹിന്ദുത്വം, സ്വത്വ രാഷ്ട്രീയം എന്നിവയെല്ലാം കൂടിച്ചേര്‍ന്ന് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയായിരുന്നു അത്. ഇരുപതാം നൂറ്റാണ്ടില്‍ നിന്ന് പതിനഞ്ച് നൂറ്റാണ്ട് പിന്നിലേക്ക് സഞ്ചരിച്ച് അവിടെനിന്നും കൈക്കൊണ്ട ആശയങ്ങളുമായി ഇരുപതാം നൂറ്റാണ്ടില്‍ പിന്നെയും ജീവിച്ചുതുടങ്ങിയ കാലത്താണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. കര്‍ണ്ണാടക സംഗീതം ഒരിക്കലും എല്ലാ വിഭാഗം ജനങ്ങളുടെയും സംഗീതമായിരുന്നില്ല. ആ വസ്തുത നമ്മള്‍ അംഗീകരിച്ചേ പറ്റൂ. എന്നാല്‍ ഏറ്റവും കുറഞ്ഞത് മൂന്ന് വിഭാഗമെങ്കിലും കൈവശം വെച്ചിരുന്ന സംഗീതരൂപമായിരുന്നു അത്. ബ്രാഹ്മണരും അബ്രാഹ്മണരുമായ നാദസ്വര, വില്‍ വിദ്വാന്മാര്‍, നട്ടുവന്മാര്‍, ദേവദാസിമാര്‍ എന്നിവരെല്ലാം ഒന്നിച്ചുനിറഞ്ഞുനിന്നിരുന്നു അതില്‍. നട്ടുവന്മാരും ദേവദാസികളും പ്രത്യേക ജാതിയല്ലായിരുന്നെങ്കിലും അവര്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. മദ്രാസ് നഗരം സംഗീതത്തിന്റെ തലസ്ഥാനമായി മാറിയപ്പോള്‍ ഹിന്ദു ദേശീയത, ഇന്ത്യന്‍ സംസ്കൃതിയെ സംബന്ധിച്ച ശുദ്ധവാദം, വിവിധ തരം ആനുഷ്ഠാനങ്ങള്‍ എന്നിവയൊക്കെ ഉദയം കൊള്ളുകയും ചെയ്തു. ഭക്തി, സംഗീത്തിന്റെ ഏറ്റവും പ്രാധന്യമുള്ള കാര്യമായി മാറി. അതേ സമയം തന്നെ അബ്രാഹ്മണരുടെയും ദേവദാസിമാരുടെയും കല പിടിച്ചടക്കപ്പെട്ടു. അവരുടെ സാമൂഹിക സ്ഥാനം നഷ്ടപ്പെടുകയും ദേവദാസിമാരെ വേശ്യകളുടെ സ്ഥാനത്തേക്ക് തരം താഴ്ത്തപ്പെടുകയും ചെയ്തു. അബ്രാഹ്മണരല്ലാത്തവരെല്ലാം അരികുകളിലേക്ക് മാറ്റുപ്പെട്ടു. ജാതിക്കൊപ്പം പുരുഷാധിപത്യവും ഇതിന് തുല്യപങ്ക് വഹിച്ചു. സാധാരണ ഗതിയില്‍ ജാതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തമ്മള്‍ ലിംഗാധിപത്യം വിസ്മരിക്കാറാണ് പതിവ്.

പൂര്‍ണ്ണമായ അഭിമുഖത്തിന്റെ വീഡിയോ ഇവിടെ കാണാം...

Follow Us:
Download App:
  • android
  • ios