അസാധു നോട്ട് പിടിച്ച കേസ് സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന പഴയ നോട്ടുകള്‍ വിദേശത്ത് നിന്നെത്തിച്ചതെന്ന് വിവരം
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ പാര്‍ക്കിങ്ങ് സ്ഥലത്ത് വെച്ചാണ് കഴിഞ്ഞ ദിവസം ഒരു കോടി രണ്ട് ലക്ഷം രൂപയുടെ അസാധു നോട്ട് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. നോട്ട് കൈമാറാന്‍ എത്തിയ സംഘത്തില്‍ നിന്നാണ് പണം പിടികൂടിയത്. സംഘത്തിലെ ഒരാളെ പിടികൂടിയെങ്കിലും മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.
ഗള്‍ഫില്‍ നിന്ന് ഉള്‍പ്പെടെ അസാധു നോട്ടെത്തിച്ച് പുതിയ നോട്ടുമായി മാറിയെടുക്കുന്ന സംഘമാണ് പണം കോഴിക്കോട്ടെത്തിച്ചത്. ഇങ്ങിനെ ഇടപാട് നടത്താനുള്ള ടോക്കണ്‍ സംഖ്യയായാണ് ഒരു കോടി അസാധു നോട്ട് ഇവര്‍ കൊണ്ട് വന്നതെന്നാണ് ഡിആര്‍ഐക്ക് കിട്ടിയ വിവരം. പുതിയ നാല്‍പത് ലക്ഷം നല്‍കിയാല്‍ അസാധു നോട്ട് ഒരു കോടി രൂപ നല്‍കുന്നതാണ് ഇടപാട്. ഈ രീതിയില്‍ മുപ്പത് കോടിയോളം രൂപയുടെ അനധികൃത ഇടപാടിന് സംഘം നീക്കം നടത്തിയിരുന്നതായാണ് വിവരം.
ഇതറിഞ്ഞ ഡിആര്‍ഐ സംഘം പൊലീസിന്റെ സഹായത്തോടെ ഇടപാടിനെത്തിയവരെ കുടുക്കുകയായിരുന്നു. ഇപ്പോള്‍ പിടിയിലായ തൃശൂര്‍ സ്വദേശി എന്‍ബി സിറാജുദ്ദീനില്‍ നിന്ന് ഇടപാട് നടത്തുന്നതിനിടെ രക്ഷപ്പെട്ടവരെ കുറിച്ച് ഡിആര്‍ഐക്ക് വിവരം കിട്ടിയിട്ടുണ്ട്.കോയമ്പത്തൂര്‍ കേന്ദ്രമാക്കി പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്.
