സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസാണ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഡോ. ഹിമേന്ദ്രനാഥിന് പരാതി നല്‍കിയത്. ഇക്കാര്യമുന്നയിച്ച് ബി.ജെ.പിയും ഡി.ജി.പിയെ സമീപിച്ചിരുന്നു. പരാതി അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ബാബുരാജിനാണ് ചുമതല നല്‍കിയിരുന്നത്. പരാതി പരിശോധിച്ച എ.സി.പി ഇന്നലെ റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പരിശോധനകള്‍ നടത്തണമെന്നതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. റിപ്പോര്‍ട്ട് വ്യാഴാഴ്ച കൈമാറും.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും കേസെടുക്കുന്ന കാര്യത്തില്‍ സിറ്റി പൊലീസ് മേധാവി തീരുമാനം കൈക്കൊള്ളുക. അതേസമയം യുവതിയുടെയും ഭര്‍ത്താവിന്‍റെയും മൊഴികള്‍ രേഖപ്പെടുത്തിയ എ.എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയുടെ നിയമ സാധുത കൂടി പരിഗണിച്ചാവും പ്രതികളിലേക്ക് എത്തുക. എന്നാല്‍ ജയന്തന്‍ ഉള്‍പ്പടെയുള്ള ആരോപണ വിധേയരെ സംരക്ഷിക്കുന്നെന്നാരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.
