ദില്ലി: കേരളത്തില്‍നിന്ന് ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ തിരോധാനത്തില്‍ പുതിയ വഴിത്തിരിവ്. രണ്ടു സംഘങ്ങളായി ഇവര്‍ ഇറാന്‍വരെ എത്തിയിട്ടുണ്ടെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കു വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരുടെ യാത്രയെക്കുറിച്ചു കൂടുതലറിയാന്‍ ഇന്ത്യ ഇറാന്റെ സഹായം തേടി.
കേരളത്തില്‍ നിന്ന് ഐഎസ് ബന്ധം സംശയിച്ചു കാണാതായ 17 പേര്‍ മസ്‌കറ്റ്, ദുബായ് എന്നീ വിമാനത്താവളങ്ങള്‍ വഴി ടെഹറാനിലെത്തിയെന്നാണു കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയ്ക്കു കിട്ടിയ വിവരം. ഒരു മാസം മുന്‍പു രണ്ടു സംഘങ്ങളായി പിരിഞ്ഞ ഇവര്‍ ടൂറിസ്റ്റ് വിസയിലാണ് ഇറാനിലെത്തിയതെന്ന് ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇറാനിലെത്തിയതിന് ശേഷം ഇവരെക്കുറിച്ച് വിവരമില്ലെന്നും കേന്ദ്ര രഹസ്യാന്വോഷണ ബ്യൂറോ വ്യക്തമാക്കുന്നു.
ഇവരെക്കുറിച്ച് കേന്ദ്ര ഏജന്‍സികളുടെ കൈയിലുള്ള വിവരങ്ങള്‍ ഇറാന്‍ അധികൃതര്‍ക്കു നല്‍കിയിട്ടുണ്ട്. ഇറാനില്‍നിന്ന് എവിടേക്കാണു മലയാളി സംഘം പോയതെന്ന് അന്വേഷിക്കാന്‍ ഇറാന്റെ സഹായം തേടിയിട്ടുണ്ടെന്നു കേന്ദ്ര ഏജന്‍സി വ്യക്തമാക്കുന്നു.
രണ്ടു സാധ്യതകളാണു രഹസ്യാന്വേഷണ ബ്യൂറോ മുന്നോട്ടുവയ്ക്കുന്നത്. ഇറാന്‍-അഫ്ഘാന്‍ അതിര്‍ത്തിയിലെ ഖോറാസാന്‍ പ്രവശ്യയില്‍ സംഘം എത്തിപ്പെട്ടിട്ടുണ്ടാകാം എന്നതാണ് ഒന്ന്. ഐഎസിന് നല്ല സ്വാധീനമുള്ള മേഖലയാണ് ഖൊറാസാന്‍ പ്രവശ്യ. അല്ലെങ്കില്‍ ഇറഖിലേക്ക് കടന്ന സംഘം അതുവഴി സിറിയയിലെത്തിയെന്നാണു മറ്റൊരു നിഗമനം.
ഈ വലിയ സംഘത്തിന്റെ യാത്രക്കാവശ്യമായ ധനസഹായം എവിടെനിന്നു വന്നു എന്ന കാര്യം രഹസ്യാന്വേഷണ ബ്യൂറോ അന്വേഷിച്ചു വരികയാണ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കൂടുതല്‍ ആളുകള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടാകാമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയുടെ ഇപ്പോഴത്തെ നിഗമനം.
