ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ബ്യൂറോക്ക് നേരെ ആക്രമണം നടത്തിയ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നഗരത്തിലെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ചും ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിച്ചുമാണ് അന്വേഷണം
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് സംശയം. രാവിലെ നേരം പുലര്‍ന്നതിന് ശേഷമാണ് വാഹനം തകര്‍ത്ത വിവരം ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആലപ്പുഴ എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ ഡി.ജി.പി ചുമതലപ്പെടുത്തുകയും ചെയ്തു. ഇന്നലെ രാവിലെ തുടങ്ങിയ അന്വേഷണം ഇപ്പോഴും ഉര്‍ജ്ജിതമായി തുടരുകയാണ്. അന്വേഷണം ഏകോപിപ്പിക്കാന്‍ ആലപ്പുഴ ഡി.വൈ.എസ്.പി ഓഫീസില്‍ ആലപ്പുഴ എസ്.പി എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഡി.വൈ.എസ്.പിമാരുടെയും സി.ഐ എസ്.ഐമാരുടെയും സംയുക്ത യോഗം ചേര്‍ന്നു.
വാഹനം തകര്‍ത്ത സംഭവത്തില്‍ രണ്ടാമത് ഒരു കല്ലു കൂടി കിട്ടിയ സാഹചര്യത്തില്‍ രണ്ട് പേരുണ്ടാവന്‍ സാധ്യതയുണ്ടെന്ന് വന്നതോടെ ആ രീതിയിലേക്കും അന്വേഷണം പുരോഗമിക്കുകയാണ്. ആലപ്പുഴ നഗരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിലേക്ക് എത്താന്‍ സാധ്യതയുള്ള എല്ലാ വഴികളും പോലീസ് അരിച്ചുപെറുക്കുകയാണ്. മുഴുവന്‍ സി.സി.ടി.വികളും പരിശോധിച്ചു. അതിനിടയിലാണ് പുലര്‍ച്ചെ രണ്ട് മണിയോടെ ഒരു ഇരുചക്രവാഹനം ഇതുവഴി പോയതായി ശ്രദ്ധയില്‍പ്പെട്ടത് . ഇന്നലെ അവധിയായതിനാല്‍ പലസ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ കിട്ടിയിരുന്നില്ല. എത്രയും വേഗം പ്രതിയെ പിടികൂടാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ആലപ്പഴ എസ്.പി പറഞ്ഞു.
