മഹാരാജാസ് കോളേജില്‍ നിന്നും ആയുധങ്ങള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം നിലയ്ക്കുന്നു. പോലീസ് പിടികൂടിയത് വാ‍ര്‍ക്കപ്പണിക്കുള്ള ആയുധമാണെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തതോടെ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശയക്കുഴപ്പത്തിലാണ് പോലീസ്. ആയുധം പിടികൂടിയ സംഭവത്തില്‍ നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.

ഈ മാസം ആദ്യമാണ് മഹാരാജാസ് കോളേജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ അടച്ചിട്ട മുറിയില്‍ നിന്നും സെന്‍ട്രല്‍ പോലീസ് ആയുധങ്ങള്‍ കണ്ടെത്തുന്നത്. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ നടത്തിയ പരിശോധനയില്‍ മൂച്ചയേറിയ ഒരു കൊടുവാളും, കൈപ്പിടി തയ്യാറാക്കിയ 14 ഇരുമ്പ് ദണ്ഡുകളും വടികളുമായിരുന്നു പിടിച്ചെടുത്തത്. എസ്.എഫ്.ഐയുടെ ആയുധ സംഭരണ കേന്ദ്രമാണിതെന്നായിരുന്നു ആരോപണമുയന്നത്. റെയ്ഡിനെത്തിയ പോലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുമുണ്ടായത് ആരോപണത്തെ ബലപ്പെടുത്തി. സംഭവത്തില്‍ ആയുധ നിരോധന നിയമപ്രകാരം പോലീസ് കേസ് എടുക്കുകയും നാല് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തുടരന്വേഷണം ഒന്നുമായിട്ടില്ല. 

എസ്.എഫ്.ഐയെ കേന്ദ്രീകരിച്ച് മാത്രമല്ല പുറമെ നിന്നും ആരെങ്കിലും ആയുധം കൊണ്ടുവെച്ചതാണോ എന്നും പരിശോധിക്കണമെന്നാണ് പോലീസ് ഇപ്പോള്‍ സ്വീകിരിക്കുന്ന നിലപാട്. എന്നാല്‍ പൊലീസ് പിടികൂടിയത് വാര്‍ക്കപ്പണിക്കുള്ള ആയുധമാണെന്ന് മുഖ്യമന്ത്രിയടക്കം നിലപാടെടുത്തത് പോലീസിനെയും കുഴയ്ക്കുന്നു. ശക്തമായ രാഷ്‌ട്രീയ സമ്മ‍ദ്ദവും പോലീസിനുമേലുണ്ട്. ഈ സാഹചര്യങ്ങളാണ് അന്വേഷണത്തെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് അറിയുന്നത്. അതേസമയം ആയുധം പിടിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. എന്നാല്‍ പ്രതിപക്ഷമാണ് സഭയെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എം.സ്വരാജ് നിയമസഭയില്‍ പറഞ്ഞു.