മുട്ടടയില്‍ ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് എസ്.ഐ ഹോംസ് എന്ന കമ്പനി നിക്ഷേപകരില്‍ നിന്നും പണം വാങ്ങിയത്. വിദേശ മലയാളികളാണ് പണം നല്‍കിയവരില്‍ ഭൂരിഭാഗവും. 10 നിലയുള്ള ഫ്ലാറ്റാണ് നിര്‍മ്മിക്കുന്നത്. 2012ല്‍ കരാര്‍ ഒപ്പിടുമ്പോള്‍ 2013 സെപ്തംബര്‍ 30ന് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫ്ലാറ്റുകള്‍ കൈമാറുമെന്നാണ് കമ്പനി വാഗ്ദാനം നല്‍കിയത്. ഇപ്പോള്‍ നിര്‍മ്മാണം പാതിവഴിയില്‍ നില്‍ക്കുകയാണ്. വിദേശത്ത് നിന്നുള്ള സമ്പാദ്യം മുഴുവന്‍ നാട്ടില്‍ ഒരു വീട് എന്ന സ്വപ്നത്തിന് വേണ്ടി നിക്ഷേപിച്ചവരാണ് ഇപ്പോള്‍ കുരുക്കിലായത്.
 
ഫ്ലാറ്റ് ലഭിക്കാത്തിനാല്‍ വിദേശത്തുനിന്നും മടങ്ങിയവര്‍ ഇപ്പോള്‍ വാടകവീടുകളില്‍ താമസിക്കുകയാണ്. റിയ‌ല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോരിറ്റിയെ സമീപിച്ചിരിക്കുകയാണ് നിക്ഷേപകര്‍. എന്നാല്‍ ഫ്ലാറ്റ് നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും വൈകാതെ ഫ്ലാറ്റുകള്‍ കൈമാറുമെന്ന് പണം നിക്ഷേപിച്ചവരെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും സതേണ്‍ ഹോംസ് തിരുവനന്തപുപരം ബ്രാഞ്ച് ഹെഡ് ഡേവിഡ് ചാണ്ടി പറയുന്നു.