ഇരുമ്പനം ഐഓസി ബോട്ട് ലിങ്ങ് പ്ലാന്റില്‍ നിന്നും പാചകവാതക നീക്കം നടത്തുന്ന ട്രക്കുകളില്‍ ഡീസല്‍ നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ നടത്തുന്ന സമരം പതിനേഴ് ദിവസമായി തുടരുകയാണ്. പരുമല ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിന്റെ 26 ട്രക്കുകളിലെ തൊഴിലാളികളാണ് സമരത്തില്‍. ഫുള്‍ ടാങ് ഇന്ധനം വേണമെന്നാണ് ട്രക്ക് തൊഴിലാളികളുടെ ആവശ്യം. പ്രശ്‌ന പരിഹാരത്തിനായി റീജിയണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച വിളിച്ചെങ്കിലും ട്രക്ക് ഉടമകള്‍ മാത്രം പങ്കെടുത്തില്ല. ട്രക്ക് തൊഴിലാളികളെ പ്രതിനിധീകരിച്ച് ട്രേഡ് യൂണിയന്‍ നേതാക്കളും ഐഒസി പ്ലാന്റിലെ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രശ്‌ന പരിഹാരത്തിനായി ഈ മാസം 27 ന് വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം. അതേസമയം ചര്‍ച്ചയ്ക്ക് തങ്ങളെ വിളിച്ചില്ലെന്നാണ് ട്രക്ക് ഉടമകള്‍ പറയുന്നത്‌.