ശ്രീനഗര്‍: ജമ്മുകശ്മീരിൽ പ്രാദേശിക ടിവി ചാനലുകൾക്കുള്ള വിലക്ക് തുടരുകയാണ്. പ്രാദേശിക മാധ്യമങ്ങൾ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിക്കുന്ന സാഹചര്യത്തിലാണ് വിലക്ക്. അതേ സമയം വിഘടനവാദി സംഘടനകൾ ദേശീയ മാധ്യമങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്നു.

ജമ്മുകശ്മീരിലെ ഒരു സ്കൂളിൽ ചൗക്കീദാർ അഥവാ കാവൽക്കാരനായ മുബാരിക് ഹൂസൈൻ ഉറക്കെ വായിക്കുന്നത് ഉറുദു ദിനപത്രമായ ഡെയ്ലി അഫ്താബാണ്. കശ്മീരിലെ ഈ പ്രാദേശിക ഉറുദു പത്രങ്ങളിലും ഗ്രേറ്റർ കശ്മീർ ഉൾപ്പടെ ചില ഇംഗ്ളീഷ് മാധ്യമങ്ങളിലും നിറയുന്നത് ഒരോ ദിവസത്തെയും പ്രതിഷേധങ്ങളുടെ വാർത്തയാണ്. 
അക്രമം രൂക്ഷമാക്കുന്നതിൽ ഈ പ്രാദേശിക പത്രങ്ങൾക്കും പങ്കുണ്ട്. കടുത്ത ഇന്ത്യാ വിരുദ്ധ നിലപാട് പത്രങ്ങളുടെ റിപ്പോർട്ടിംഗിൽ പ്രകടമാണ്. ചില പ്രാദേശിക ടിവി ചാനലുകളുടെ പ്രവർത്തനം സർക്കാർ വിലക്കിയിരിക്കുകയാണ്. അതിനാൽ പത്രങ്ങളുടെ പ്രചാരം കുടുന്നു.

ദേശീയ മാധ്യങ്ങൾക്കെതിരെ വിഘടനവാദി നേതാക്കൾ ശക്തമായ പ്രചാരണം നടത്തുന്നു. അതിനാൽ പലയിടത്തും ഞങ്ങളുടെ ക്യാമറ പുറത്തെടുക്കാൻ ജനക്കൂട്ടം സമ്മതിച്ചില്ല.