കാൺപൂർ ജില്ലയിലെ പൊലീസ് ഉദ്യോ​ഗസ്ഥനായ സുരേന്ദ്ര കുമാർ ദാസ് ആണ് തന്റെ ഔദ്യോ​ഗിക വസതിയിൽ വച്ച് വിഷം കഴിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിലെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥനാണ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു സുരേന്ദ്രകുമാർ ദാസിനെ ഹോസ്പിറ്റലിലെത്തിച്ചത്. 

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ‌ ഐപിഎസ് ഉദ്യോ​ഗസ്ഥൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാൺപൂർ ജില്ലയിലെ പൊലീസ് ഉദ്യോ​ഗസ്ഥനായ സുരേന്ദ്ര കുമാർ ദാസ് ആണ് തന്റെ ഔദ്യോ​ഗിക വസതിയിൽ വച്ച് വിഷം കഴിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിലെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥനാണ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു സുരേന്ദ്രകുമാർ ദാസിനെ ഹോസ്പിറ്റലിലെത്തിച്ചത്. അദ്ദേഹത്തിന്റെ നില വളരെ ​ഗുരുതരാവസ്ഥയിലാണെന്ന് കാൺപൂർ റീജൻസി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് മാധ്യമങ്ങളെ അറിയിച്ചു. 

പുലർച്ചെ ആറ് മണിക്കാണ് അദ്ദേഹത്തെ ഹോസ്പിറ്റലിലെത്തിക്കുന്നത്. ആ സമയത്ത് തന്നെ സ്ഥിതി വളരെ മോശമായിരുന്നെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു. രക്തസമ്മർദ്ദം വളരെ താഴേയ്ക്ക് പോയ അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് ജീവൻ തിരിച്ചുപിടിക്കാനുള്ള ചികിത്സാമാർ​​ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ഈസ്റ്റ് കാൺപൂരിലെ പൊലീസ് സൂപ്രണ്ടാണ് മുപ്പതുകാരനായ സുരേന്ദ്രകുമാർ ദാസ്.

ആത്മഹത്യാക്കുറിപ്പുകളൊന്നും അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ അദ്ദേഹം അസ്വസ്ഥനായിരുന്നു എന്നാണ് സഹപ്രവർത്തകരായ പൊലീസ് ഉദ്യോ​ഗസ്ഥരുടെ വെളിപ്പെടുത്തൽ. കുടുംബപ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. കീടനാശിനിയായി ഉപയോ​ഗിക്കുന്ന വിഷമാണ് സുരേന്ദ്ര ദാസ് കഴിച്ചിരിക്കുന്നതെന്ന് ഡോക്ടർ പറയുന്നു.