ഇറാനിലെ ഷിപ്പിംഗ് കമ്പനിയില്‍ ജോലിക്കുപോയ അഞ്ച് മലയാളി യുവാക്കള്‍ തട്ടിപ്പിനിരയായതായി പരാതി. മികച്ച ശമ്പളം പ്രതീക്ഷിച്ച് ഇറാനിലെത്തിയ ഇവരെ ആവശ്യത്തിന് വെളളമോ ഭക്ഷണമോ പോലും നല്‍കാതെ ഒരു മുറിയില്‍ അടച്ചിട്ടിരിക്കുകയാണെന്ന് വീട്ടുകാര്‍ പറയുന്നു.


കോഴിക്കോട് കൂടത്തായ് സ്വദേശി പ്രദുല്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ഇറാനില്‍ നരകയാതന അനുഭവിക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. മറൈന്‍ മെക്കാനിക്കല്‍ കോഴ്‌സ് ഒരുമിച്ച് പഠിച്ചിറങ്ങയ അ‍ഞ്ചുപര്‍ രണ്ടാഴ്‍ച മുമ്പാണ് ഇറാനിലെത്തിയത്. ഇറാനില്‍ സീ ലൈറ്റ് ഷിപ്പിംഗ് കമ്പനിയില്‍ മറൈന്‍ മെക്കാനിക്കായായിരുന്നു നിയമനം. വെബ്സൈറ്റ് വഴിയായിരുന്നു ഇവര്‍ക്ക് നിയമനം കിട്ടിയത്. അസം സ്വദേശിയായ അരുണ്‍കുമാര്‍ സാഹ്നി എന്ന ഏജന്റ് വഴി ഇവര്‍ ഇറാനിലെത്തി. എന്നാല്‍ നേരത്തെ അറിയിച്ച പ്രകാരമുളള ജോലി കിട്ടിയില്ലെന്ന് മാത്രമല്ല, പലരുടെയും പാസ്‌പോര്‍ട്ട് വാങ്ങിവയ്‌ക്കുകയും ചെയ്തു. ഭക്ഷണോ വെളളമോ നല്‍കാതെ ഒറ്റമുറിയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് വീട്ടുകാര്‍ക്ക് വിവരം കിട്ടി. തിരികെ നാട്ടിലേക്ക് പോകണമെങ്കില്‍ ഒന്നര ലക്ഷം രൂപയിലേറെ നല്‍കണമെന്നും ഏജന്റ് അറിയിച്ചെന്ന് തട്ടിപ്പിനിരയായവരുടെ രക്ഷിതാക്കള്‍ പറയുന്നു.

പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നുളളവരാണ് തട്ടിപ്പിനിരയായ മറ്റുളളവര്‍. ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് കാണിച്ച് കേന്ദ്ര വിദേശകാര്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കി കാത്തിരിക്കുകയാണ് ഇവരുടെ കുടുംബാംഗങ്ങള്‍.