ടെഹ്‌റാന്‍: സർക്കാർ വിരുദ്ധ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവർ അനന്തരഫലം അനുഭവിക്കുമെന്ന് ഇറാൻ ഭരണകൂടം. പൊതുമുതല്‍ നശിപ്പിക്കുകയും ക്രമസമാധാനനില തകർക്കുകയും ചെയ്യുന്നവർ അതിനുള്ള തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രി അബ്ദൽറേസ റഹ്‌മാനി ഫസ്‌ലി ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചു. അതിനിടെ പ്രതിഷേധക്കാർക്കുനേരെയുണ്ടായ സൈനിക നടപടിയിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
എന്നാൽ ജനക്കൂട്ടത്തിനു നേരെ പൊലീസ് വെടിവയ്ച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. തുടർച്ചയായ മൂന്നാം ദിവസവും സർക്കാർ വിരുദ്ധ പ്രതിഷേധവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഇസ്ഫഹാനിലും മാഷാദിലും മറ്റു ചെറുനഗരങ്ങളിലും തുടങ്ങിയവയിൽ രാത്രി വൈകിയും തുടരുന്ന പ്രതിഷേധങ്ങളുടെ വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ യാത്രാ നിയന്ത്രണങ്ങളും മറ്റും മൂലം ഔദ്യോഗിക മാധ്യമങ്ങൾക്ക് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനായിട്ടില്ല.
അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ വ്യാഴാഴ്ച ആരംഭിച്ച തെരുവുപ്രക്ഷോഭം മൂന്നു ദിവസം പിന്നിട്ടതായി സമൂഹമാധ്യമങ്ങളിൽ റിപ്പോർട്ടുണ്ട്. 2009ൽ അഹ്മദി നെജാദ് രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മാസങ്ങൾ നീണ്ട സർക്കാർ വിരുദ്ധ പ്രക്ഷോഭമാണ് ഇറാനിലുണ്ടായത്. ഇതിന്റെ വാർഷികത്തിലാണു ഖമൈനി വിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി ടെഹ്റാനിൽ അടക്കം നൂറുകണക്കിനു പ്രക്ഷോഭകർ വ്യാഴാഴ്ച തെരുവിലിറങ്ങിയത്. ടെഹ്റാൻ സർവകലാശാലയ്ക്കു മുന്നിൽ വിദ്യാർഥികൾ പൊലീസിനു നേരെ കല്ലെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നാണ്യപ്പെരുപ്പവും തൊഴിലില്ലായ്മയും വർധിച്ചതിനു പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും സർക്കാർവിരുദ്ധ വികാരം ശക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയും പ്രതിഷേധപ്രകടനങ്ങൾ തുടർന്നതോടെ സർക്കാർ അനുകൂലികളും തെരുവിലിറങ്ങിയിരിക്കുകയാണ്.
