യോഗ്യതാ റൗണ്ടിൽ 14 കളികളില്‍ നിന്ന് 11 ഗോളുകൾ നേടിയ താരമാണ് സര്‍ദാര്‍
മോസ്കോ: മികച്ച പ്രകടനം കാഴ്ചവെച്ചാലും നിര്ഭാഗ്യം വിരിച്ച വലയില് കുടുങ്ങി ലോകകപ്പില് ടീമുകള് പുറത്തു പോകുന്നത് ഫുട്ബോളിന്റെയും ലോകകപ്പിന്റെയും അവസ്ഥയാണ്. അങ്ങനെ ശനിദശ പിന്തുടരുമ്പോള് അത് പലരുടെയും കളി ജീവിതത്തിന് വരെ അവസാനം കുറിക്കും.
ഇറാന് താരം സർദാർ അസ്മോന്റെ കാര്യവും അങ്ങനെ തന്നെ. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ രൂക്ഷ വിമർശനമാണ് സ്ട്രൈക്കറായ സർദാറിന് നേരിടേണ്ടി വന്നത്. ഗ്രൂപ്പിലെ മൂന്ന് കളികളിൽ സ്പെയിനിനോട് മാത്രമാണ് ഇറാന് തോറ്റത്. മൊറോക്കോയോട് ജയവും പോർച്ചുഗലിനേടും സമനിലയും വഴങ്ങി തല ഉയർത്തി തന്നെയാണ് മടക്കം.
പക്ഷേ മൂന്ന് കളികളിൽ ഒരിക്കൽ പോലും വലകുലുക്കാൻ സ്ട്രൈക്കറായ സർദാറിനായില്ല. നാട്ടിലെത്തും മുൻപ് തന്നെ വിമർശനമാരംഭിച്ചു. രോഗ ബാധിതയായ അമ്മയെയും രൂക്ഷ വിമർശനങ്ങൾ മാനസികമായി തളർത്തി. രോഗം മൂർച്ഛിച്ചു. ഇതോടെയാണ് കളി മതിയാക്കാൻ സർദാർ തീരുമാനിക്കുന്നത്.
ലോകകപ്പിനിറങ്ങും വരെ ഇറാൻ മെസിയെന്ന് ആരാധകർ വിളിച്ചിരുന്ന താരമായിരുന്ന സർദാർ. യോഗ്യതാ റൗണ്ടിൽ 14 കളികളിൽ നിന്ന് 11 ഗോളുകൾ നേടി പ്രതിഭ തെളിയിച്ചു. സര്ദാറിന്റെ വാക്കുകളില് കളി മതിയാക്കുന്നതിന്റെ വേദന നിറഞ്ഞു തുളുമ്പുകയാണ്.
എനിക്ക് മുറിവേറ്റിരിക്കുന്നു. അമ്മ വേണോ കരിയർ വേണോ എന്നൊരു ചോദ്യത്തിന് മുന്നിലാണ് ഞാൻ. എനിക്കൊരു ഉത്തരമേയുള്ളൂ. മതിയാക്കുകയാണ് കളി ജീവിമെന്ന് സര്ദാര് പറഞ്ഞു. 23-ാം വയസിലാണ് സര്ദാര് മൈതാനത്തോട് വിട പറയുന്നത്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ഫുട്ബോളിൽ സർദാർ കളി തുടർന്നേക്കുമെന്നാണ് സൂചന.
