ടെഹ്‌റാന്‍: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാളെ ജനക്കൂട്ട മധ്യത്തില്‍ തൂക്കിലേറ്റി. ഇറാനിലെ ആര്‍ദബില്‍ പ്രവിശ്യയിലുള്ള വടക്കു പടിഞ്ഞാറന്‍ പട്ടണമായ പര്‍സാബാദിലാണ് ബാലികയെ മാനഭംഗത്തിന് ഇരയാക്കിയയാളെ ജനക്കൂട്ടമധ്യത്തില്‍ തൂക്കിലേറ്റിയത്. 

42 കാരനായ ഇസ്മയീല്‍ ജാഫര്‍സാദെ എന്നയാളെയാണ് തൂക്കിലേറ്റിയത്. പരസ്യമായാണ് വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ നടപ്പിലാക്കിയപ്പോള്‍ ആ പിഞ്ചു ബാലികയ്ക്കായ് ജനക്കുട്ടം നിറഞ്ഞ കൈയടികള്‍ നല്‍കി. കഴിഞ്ഞ ജൂണ്‍ 19നാണ് കച്ചവടക്കാരനായ പിതാവിനെപ്പമുള്ള യാത്രയില്‍ അതേന അസ്ലാനി എന്ന ഏഴു വയസ്സുകാരി വഴിതെറ്റിപ്പോയത്. പിന്നാലെ ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ ഇസ്മയില്‍ ജാഫര്‍സാദെ എന്നയാളെ പിടികൂടുകയും ഇയാളുടെ വീട്ടിലെ ഗാരേജില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. പ്രതിക്ക് പരാമവധി ശിക്ഷ നല്‍കണമെന്ന് പൊതുജനാവശ്യം ഉയര്‍ന്നിരുന്നു.

സെപ്റ്റംബര്‍ 11 നാണ് ഇറാന്‍ സുപ്രീംകോടതി വധശിക്ഷ വിധിച്ചത്. വിചാരണയ്ക്കിടയില്‍ ഇയാള്‍ മറ്റൊരാളെയും മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അവരുടെ മൃതദേഹം കണ്ടെടുക്കാനായില്ല.