ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തു പതിനെട്ടുകാരി അറസ്റ്റിൽ
ഇറാൻ: ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത പതിനെട്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൃത്തത്തിലൂടെ പ്രശസ്തയായ മദേ ഹോജാബ്രി എന്ന ഇറാനി പെണ്‍കുട്ടിയാണ് ഹിജാബ് ധരിക്കാത്തതിന്‍റെ പേരിൽ അറസ്റ്റിലായത്. നൃത്തം ചെയ്യുന്ന 300 ഒാളം വീഡിയോകളാണ് ഹോജാബ്രി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 66,000 ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഹോജാബ്രിയെ പിന്തുടരുന്നുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം തനിക്കു തെറ്റ് പറ്റിയെന്നു സമ്മതിച്ച് യുവതി രംഗത്തെത്തിയിരുന്നു. "ശ്രദ്ധ ആകർഷിക്കാൻ വേണ്ടി ആയിരുന്നില്ല, എന്നെ പിൻതുടരുന്ന ആളുകൾക്ക് വേണ്ടിയാണ് വീഡിയെ പോസ്റ്റ് ചെയ്തത്. താൻ ചെയ്തതു പോലെ മറ്റുള്ളവരും ചെയ്യണമെന്ന തരത്തിലുള്ള ഒരു ഉദ്ദേശവുമില്ലായിരുന്നു. ഞാൻ ഒരു ടീമിനൊപ്പവും ചേർന്നിട്ടില്ല, എനിക്ക് പരിശീലനവും ലഭിച്ചിട്ടില്ല. ഞാൻ ജിംനാസ്റ്റിക്സ് മാത്രമാണ് ചെയ്യുന്നത്"- വെള്ളിയാഴ്ച ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ട വീഡിയോയിലെ ഹോജാബ്രിയുടെ വാക്കുകളാണിത്.
അറസ്റ്റുചെയ്തതു മുതൽ നൂറുകണക്കിന് ആളുകളാണ് ഹോജാബ്രിയുടെ ഡാൻസിൻറെ വീഡിയോകൾ പങ്കുവച്ചത്. അതേസമയം ഹോജാബ്രിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുനുള്ള ആളുകൾ പ്രതിഷേധം നടത്തുകയാണ്. നർത്തകിയും ജിംനാസ്റ്റുമായ പതിനെട്ടുകാരിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ആളുകൾ പ്രതിഷേധം അറിയിക്കുന്നത്. കൂടാതെ ഇറാനിയൻ സ്ത്രീകൾ പൊതുസ്ഥലത്തുവച്ച് നൃത്തം ചെയ്യുന്ന വീഡിയോകളും പോസ്റ്റ് ചെയ്ത് പ്രതിഷേധം അറിയിക്കുന്നുണ്ട്.
എന്നാൽ നൃത്തം ചെയ്ത്തിന്റെ പേരിൽ അറസ്റ്റിലാകുന്ന ആദ്യത്തെ വ്യക്തിയല്ല ഹോജാബ്രി. 2014ൽ പോപ്പ് ഗായകൻ ഫാരെൽ വില്യംസിന്റെ "ഹാപ്പി" എന്ന ഗാനത്തിന് ചുവടുവച്ച ആറ് പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഒരു വർഷം തടവുശിക്ഷയും 91 ചാട്ടയടിയുമായിരുന്നു അന്ന് അവർക്ക് വിധിച്ചത്. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടതിൽ ലോകമെമ്പാടും പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇവരെ കോടതി വെറുതെ വിട്ടു. കൂടാതെ ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫാരെൽ വില്യംസും രംഗത്തെത്തിയിരുന്നു.
