ടെഹ്‌റാന്‍: ഹസന്‍ റുഹാനി വീണ്ടും ഇറാന്‍ പ്രസിഡന്റ്. നാലു കോടി വോട്ടുകളില്‍ അമ്പത് ശതമാനത്തിലധികം നേടിയാണ് റുമഹാനിയുടെ വിജയം.1985ന് ശേഷം ഇറാനില്‍ നിലവിലുള്ള പ്രസിഡന്റുമാര്‍ പരാജയപ്പെട്ടിട്ടില്ല. മിതവാദിയായ ഹസന്‍ റുഹാനിയുടെ വിജയം ഏറെക്കുറെ പ്രതീക്ഷിക്കപ്പെട്ടത് തന്നെയായിരുന്നു. യാഥാസ്ഥിക വാദികളുടെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ഭരണനേട്ടങ്ങളുടെ പേരില്‍ വോട്ട് തേടിയ റുഹാനിയെ ജനങ്ങള്‍ കൈവിട്ടില്ല.

ആകെ പോള്‍ ചെയത് നാലു കോടി വോട്ടുകളില്‍ പകുതിയിലധികം നേടിയാണ് റുഹാനി പ്രസിഡന്റ് പദവിയിലേക്ക് രണ്ടാം വട്ടം എത്തിയത്. റുഹാനിക്ക് 58.6 ശതമാനം വോട്ടും എതിരാളി ഇബ്രാഹിം റെയ്സിക്ക് 39.8 ശതമാനം വോട്ടും ലഭിച്ചു. അമ്പത് ശതമാനത്തിലധികം വോട്ട് നേടാനായത് കൊണ്ട് രണ്ടാം ഘട്ട വോട്ടെടുപ്പ് ഒഴിവാക്കാനും റുഹാനിക്കായി. മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍ കൂടി ജനവിധി തേടിയിരുന്നുവെങ്കിലും ഒരു ശതമാനം വോട്ട് മാത്രമാണ് ഇവര്‍ക്ക് നേടാനായത്.

അന്താരഷ്‌ട്ര തലത്തിലുള്ള ഇറാന്റെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധികാരത്തിലേറിയ റുഹാനി, ഇറാനെ ഒരു സാമ്പത്തിക ശക്തിയായി വളര്‍ത്തിയിരുന്നു. ലോകശക്തികളുമായി ആണവ ഉടമ്പടിയിലേര്‍പ്പെടാന്‍ കഴിഞ്ഞതും റുഹാനിയുടെ വന്‍ വിജയമായിരുന്നു. ഇറാനിലെ പരമോന്ന നേതാവ് അയത്തൊള്ള അലി ഖൊമേനി പിന്തുണച്ചിട്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് പരിഷ്കരണ വാദിയായി അറിയപ്പെടുന്ന ഇബ്രാഹിം റെയ്സിക്ക് തിരിച്ചടിയായി.

തോല്‍വി അംഗീകരിച്ചുവെങ്കിലും വോട്ടിംഗ് പ്രക്രിയയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ത്തി ഈ തിരച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് റെയ്സി വിഭാഗം.