തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ കരട് മുൻഗണനാ ലിസ്റ്റിൽ വ്യാപക ക്രമക്കേട്. ഒന്നരലക്ഷത്തോളം പരാതികളാണ് ഇതുവരെ സര്‍ക്കാറിന് മുന്നിലെത്തിയത്. അനര്‍ഹരെ ഒഴിവാക്കാൻ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും അർഹരായവരിൽ വലിയൊരു വിഭാഗം ഇപ്പോഴും മുൻഗണനാ പട്ടികയ്ക്ക് പുറത്താണെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരം നഗരമധ്യത്തിൽ എംഎസ്‌കെ നഗര്‍ കോളനിയിലെ ഒറ്റമുറി ചായ്പ്. അഞ്ച് പിഞ്ചു കുഞ്ഞുങ്ങളുമായി 26 കാരി വിഷ്ണുപ്രിയ. ഭര്‍ത്താവ് മരിച്ചിട്ട് മൂന്ന് മാസമായി. ആര്‍ക്കും പ്രത്യേകിച്ച് പണിയൊന്നുമില്ല. പക്ഷെ, റേഷൻ കാര്‍ഡ് പക്ഷെ എപിഎല്ലാണ്.ഇനി മണിയന്റെ വീട്ടിലേക്ക്. വാഹനാപകടത്തിൽ പെട്ട് ചലനശേഷി നഷ്ടപ്പെട്ട മണിയൻ വീൽചെയറിലാണ്. രോഗിയായ ഭാര്യ, മിണ്ടാൻവയ്യാത്ത മകളും രണ്ടു കുട്ടികളും. വീട്ടിലെ അടുപ്പുപുകയുന്നത് വല്ലവരുടേയും ദാക്ഷിണ്യത്തിലാണ്. രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ശശിധരന് ഇതുവരെ ബിപിഎൽകാര്‍ഡായിരുന്നു. പുതിയ നിയമം വന്നപ്പോൾ എപിഎൽ

അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത കോളനിയിൽ 125 വീട്. താമസിക്കുന്നത് 400 ഓളം കുടുംബങ്ങൾ. പരാതിയുമായി എത്തിയത് 65 കാര്‍ഡുടമകൾ. ഒരു കോളനിയിലെ മാത്രം സ്ഥിതി ഇതായിരിക്കെ പുനക്രമീകരണ അപേക്ഷങ്ങൾ വാങ്ങിയ ആദ്യ രണ്ട് ദിവസം മാത്രം സംസ്ഥാനത്താകെ ലഭിച്ചത് ഒന്നര ലക്ഷത്തോളം പരാതികളാണ്.

അപേക്ഷ സ്വീരിക്കാനുള്ള തീയതി നവംബര്‍ അഞ്ച് വരെ നീട്ടിയ സാഹചര്യത്തിൽ ഇതിനിയും കൂടും. മാത്രമല്ല ആദ്യം സോഷ്യൽ ഓഡിറ്റ് കമ്മിറ്റിയും പരിഹാരമാകാത്ത പരാതികൾ ജില്ലാ കളക്ടര്‍ ചെയര്‍മാനായ അപ്പീൽ കമ്മിറ്റിയും പരിശോധിച്ചാണ് അന്തിമ തീര്‍പ്പിലെത്തേണ്ടത്.അപേക്ഷകരുടെ എണ്ണം ക്രമാതീതമായി കൂടുമ്പോൾ കുറ്റമറ്റ പരിഹാരവും സമയബന്ധിത തീര്‍പ്പും സര്‍ക്കാറിനുമുന്നിലെ വെല്ലുവിളി തന്നെ.