ദില്ലി: സുപ്രിംകോടതി നടപടികള്‍ സുതാര്യമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാല് ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തി. സുപ്രീംകോടതിയിലായിരുന്നു കൂടിക്കാഴ്ച. ഇതോടെ പ്രതിസന്ധികള്‍ അയയാനുള്ള വഴിതുറന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നാളെയും തുടര്‍ന്നേക്കും. നീതിപീഠത്തിന് വലിയ പോറലേറ്റ സംഭവവികാസങ്ങള്‍ ഇനിയും നീണ്ടുപോയാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്ന് ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അനുനയത്തിന് തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. 

നിരന്തരം അറ്റോര്‍ണി ജനറലടക്കം പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിനിടെ ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും തമ്മില്‍ വാക്കേറ്റം നടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയത്. 

രാജ്യത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത അത്യപൂര്‍വ സംഭവവികാസങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം കുറച്ച് ദിവസങ്ങളായി സാക്ഷ്യം വഹിക്കുന്നത്. നാല് കോടതികള്‍ നിര്‍ത്തിവച്ച് നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വന്ന് മാധ്യമങ്ങളെ കണ്ടതിന് പിന്നാലെ സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ മറനീക്കി പുറത്തുവന്നിരുന്നു. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരായിരുന്നു മാധ്യമങ്ങളെ കണ്ടത്. തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് അറ്റോര്‍ണി ജനറലും ബാര്‍ കൗണ്‍സിലും ശ്രമം നടത്തി വരികയായിരുന്നു. 

രാജ്യതാല്‍പര്യം നീതിപൂര്‍വ്വം നടത്താനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉണ്ടെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ തുറന്നടിച്ചിരുന്നു. സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തില്‍ അത്യാവശ്യമാണ്, സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ജഡ്ജിമാരെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഞങ്ങള്‍ ആത്മാവിനെ വിറ്റുവെന്ന് നാളെ ജ്ഞാനികള്‍ കുറ്റപ്പെടുത്തരുത്. ചീഫ് ജസ്റ്റിസ് തുല്യരില്‍ ഒരാള്‍ മാത്രമാണ്. അദ്ദേഹത്തിന്‍റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്. കേസുകള്‍ ജഡ്ജിമാര്‍ക്ക് വീതിച്ച് നല്‍കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ഇത് സുപ്രിം കോടതിയുടെ ആത്മാര്‍ത്ഥതയെ ഇല്ലാതാക്കിയെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു ജഡ്ജിമാര്‍ ഉന്നയിച്ചത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് നോക്കിയാല്‍ പ്രധാനപ്പെട്ട പല കേസുകളും ജൂനിയര്‍ ജഡ്ജിമാര്‍ കേസുകള്‍ പരിഗണിച്ചിട്ടുണ്ടെന്നും തര്‍ക്കം അനാവശ്യമാണെന്നുമുള്ള വാദങ്ങളും ഉയര്‍ന്നുവന്നിരുന്നു.