ഐഎസിനെ തുരത്താന്‍ ഇറാഖില്‍ പോരാട്ടം തുടങ്ങാനൊരുങ്ങി തുര്‍ക്കി. അമേരിക്കയുടെ ഉറപ്പില്‍ മാത്രം വിശ്വസിച്ച് മാറി നില്‍ക്കാന്‍ തുര്‍ക്കിക്കാവില്ലെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദ്രം വ്യക്തമാക്കി. സിറിയയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും വ്യോമാക്രമണം.

സിറിയയില്‍ ഐഎസ് ഭീകരര്‍ക്കെതിരായ പോരാട്ടം ശക്തമാക്കിയതിന് പിന്നാലെയാണ് ഇറാഖിലും സാന്നിധ്യമറിയിക്കാന്‍ തുര്‍ക്കി ഒരുങ്ങുന്നത്. മേഖലയില്‍ കൂട്ടക്കൊലയും ആക്രമണങ്ങളും തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ മാറിനില്‍ക്കാന്‍ തുര്‍ക്കിക്കാവില്ലെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദ്രം പറഞ്ഞു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നത് തുര്‍ക്കിയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുന്നുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ആരുടേയും ഉപദേശം രാജ്യത്തിനാവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖി നഗരമായ മൊസൂളില്‍ ഐഎസ് ഭീകരര്‍ക്കെതിരായി ഇറാഖി സൈന്യം നടത്തുന്ന പോരാട്ടത്തില്‍ പങ്കാളിയാകുമെന്നും യില്‍ദ്രം അറിയിച്ചു. മൊസൂളിനടുത്തുള്ള ബാഷിഖ ക്യാമ്പില്‍ സുന്നി മുസ്ലീങ്ങള്‍ക്കും കുര്‍ദ്ദ് വംശജര്‍ക്കും പരിശീലനം നല്‍കുന്നുണ്ടെന്നും തുര്‍ക്കി പ്രധാനമന്ത്രി പറഞ്ഞു. ഇറാഖിനെ സഹായിക്കുന്ന അമേരിക്കയുടെ വാഗദാനത്തില്‍ മാത്രം വിശ്വസിക്കാനാവില്ലെന്നും യില്‍ദ്രം വ്യക്തമാക്കി. എന്നാല്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി തുര്‍ക്കിയുടെ വാഗ്ദാനം നിരസിച്ചുകൊണ്ട് രംഗത്തെത്തി. ഇതിനിടെ മൂന്ന് ദിവസമായി വെടിനിര്‍ത്തല്‍ നിലവിലുണ്ടായിരുന്ന സിറിയയിലെ അലെപ്പോയില്‍ റഷ്യ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടണ്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയാണ് ആക്രമണം നടന്നതായി അറിയിച്ചത്.എന്നാല്‍ മരണം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല.