കാസര്‍ഗോഡ്: കേരളത്തിന്‍റെ ഏറ്റവും വടക്കന്‍ ജില്ലയുടെ തീരാശാപമാണ് പണിഷ്മെന്‍റ് ട്രാസ്ഫറുകള്‍. ശിക്ഷാനടപടികളുടെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗം പേരേയും സ്ഥലം മാറ്റുന്നത് കാസര്‍ഗോട്ടേക്കാണ്.കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തുമാത്രം വിവിധ വകുപ്പുകളിലായി ഇത്തരത്തിലുള്ള 159 ജീവനക്കാരെയാണ് കാസര്‍ഗോട്ടേക്ക് സ്ഥലം മാറ്റിയത്. 

വര്‍ഷങ്ങളായി എല്ലാ പണിഷ്മെന്‍റ് ട്രാൻസ്ഫറുകാരും അടിഞ്ഞുകൂടുന്നത് കാസര്‍ഗോഡാണ്.കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പണിഷ്മെന്‍റ് ട്രാസഫറില്‍ ഏറ്റവും കൂടുതല്‍ പേരെത്തിയത് പൊലീസില്‍ നിന്നാണ്.സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഡി.വൈ.എസ്.പി വരെയുള്ള 29 പേരെയാണ് ആഭ്യന്തര വകുപ്പ് ശിക്ഷയുടെ ഭാഗമായി കാസര്‍ഗോട്ടേക്ക് വിട്ടത്.

റവന്യൂ വകുപ്പിനാണ് രണ്ടാം സ്ഥാനം.ക്ലര്‍ക്ക് തൊട്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ വരെ 23 പേര്‍.പഞ്ചായത്തുവകുപ്പില്‍ 14 പേര്‍.ചുരുക്കത്തില്‍ പണിഷ്മെന്‍റ് ട്രാൻസ്ഫറുകാരില്ലാത്ത ഒരു വകുപ്പും കാസര്‍ഗോഡ് ഇല്ല. ഇനി പണിഷ്മെന്‍റ് ട്രാൻഫറുകാര്‍ കാസര്‍ഗോഡെത്തിയാലോ ഭരണകക്ഷിയിലെ ആരെയെങ്കിലും സ്വാധീനിച്ച് വൈകാതെ തന്നെ തിരിച്ചുപോകും.

ഇതിനിടയിലുള്ള കാലം എന്തെങ്കിലും കാരണം പറഞ്ഞ് അവധിയിലുമാകും. ഇതുമൂലം സര്‍ക്കാരോഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ സ്ഥിതിയാണ് ഉണ്ടാവുന്നത്. കാസര്‍ഗോഡിന് പണിഷ്മെന്‍റുകാരുടെ ജില്ലയെന്ന ചീത്തപേര് മാത്രം മിച്ചം.