ദില്ലി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ പ്രധാനമന്ത്രിയെ പാര്‍ലമെന്റിന്റെ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തിലേക്ക് വിളിപ്പിക്കുന്ന വിഷയത്തില്‍ തര്‍ക്കം മുറുകുന്നു. ഈ നീക്കം പ്രതിരോധിക്കാന്‍ അമിത് ഷാ പാര്‍ട്ടി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്കിയപ്പോള്‍ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് സമിതി അദ്ധ്യക്ഷന്‍ കെവി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

നോട്ട് അസാധുവാക്കലിനെക്കുറിച്ച് ഈ മാസം ഇരുപതിന് നേരിട്ടെത്തി വിശദീകരിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേലിനോടും ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരോടും പാര്‍ലമെന്റിന്റെ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. വിശദീകരണത്തില്‍ തൃപ്തരല്ലെങ്കില്‍ പ്രധാനമന്ത്രിയെ വിളിക്കാനുള്ള അധികാരം സമിതിക്കുണ്ടെന്ന അദ്ധ്യക്ഷന്‍ കെവി തോമസിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി ശക്തമായി രംഗത്തു വന്നിരുന്നു. സമിതിയിലെ ബിജെപി അംഗങ്ങളെ വിളിപ്പിച്ച ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഈ നീക്കത്തെ ശക്തമായി പ്രതിരോധിക്കാന്‍ നിര്‍ദ്ദേശം നല്കി. നാളെ സമിതിയുടെ യോഗത്തില്‍ ബിജെപി പ്രതിഷേധിക്കാനാണ് സാധ്യത. പ്രധാനമന്ത്രിയെ വിളിക്കണോ എന്ന് സമിതിയാണ് തീരുമാനിക്കേണ്ടതെന്നും അതിന് അധികാരമുണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നും സമിതി അദ്ധ്യക്ഷന്‍ കെവി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു

1966ലും 92ലും കാബിനറ്റ് മന്ത്രിമാരെ പാര്‍ലമെന്ററിസമിതി വിളിച്ചു വരുത്തിയിരുന്നു. ടുജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് വിശദീകരിക്കാന്‍ പിഎസിക്കു മുന്നില്‍ 2012ല്‍ ഹാജരാകാമെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കിയിരുന്നു. എന്തായാലും സ്പീക്കറുടെ അനുമതി കൂടി ഇതിനു അനിവാര്യമാണെന്നിരിക്കെ പ്രധാനമന്ത്രിയെ ഇപ്പോള്‍ പിഎസി വിളിച്ചു വരുത്താനുള്ള സാധ്യത വിരളമാണ്.