ബെയ്ജിംഗ്: പാക്കിസ്ഥാന്‍ ചൈന ബന്ധം ഉലയുന്നതായി സൂചന. ബലൂചിസ്ഥാനില്‍ രണ്ട് ചൈനീസ് അധ്യാപകര്‍ വെടിയേറ്റ് മരിച്ചത് ചൈനയെ പ്രകോപിപ്പിച്ചതായാണ് സൂചന. കസാഖിസ്ഥാനിലെ ഷാങ്ഹായി ഉച്ചകോടിക്കിടെ പാക്ക് പ്രധാനമന്ത്രിക്ക് ചൈനീസ് പ്രസിഡന്‍റ് മുഖം കൊടുക്കാതിരുന്നതാണ് ഇത്തരത്തിലുള്ള വിലയിരുത്തലുകളിലേക്ക് നയിക്കുന്നത്.

തങ്ങളുടെ എക്കാലത്തേയും വലിയ സഖ്യകക്ഷിയായി കരുതുന്ന ചൈനയില്‍ നിന്നാണ് പാക്കിസ്ഥാന് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ രണ്ട് ചൈനീസ് അധ്യാപകര്‍ കൊല്ലപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഇസ്ലാമിക് സ്റ്റേറ്റാണ് ഇവരുടെ കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 3,219 കോടി രൂപയുടെ ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കെതിരെ ബലൂചിസ്ഥാനില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് അധ്യാപകര്‍ കൊല്ലപ്പെട്ടത്.

എന്നാല്‍ പ്രതിഷേധവുമായി കൊലപതകങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ വക്താവും ഈ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും കൊലപാതകങ്ങള്‍ക്കെതിരെ ചൈനയില്‍ രൂക്ഷമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ഷാങ്ഹായ് ഉച്ചകോടിക്കിടെ മുഖാമുഖം എത്തിയിട്ടും ചൈനീസ് പ്രസിഡന്റ് ഷീ ജിംഗംപിംഗ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫിന് മുഖം കൊടുക്കാതിരുന്നത്. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കസാഖിസ്ഥാന്‍ പ്രസിഡന്റുമായും ജിംഗ്പിംഗ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചൈനയുടെ നിലപാട് മാറ്റം അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു.