ദില്ലി: ബിജെപി എംപിയും സഞ്ജയ് ഗാന്ധിയുടെ പുത്രനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. കഴിഞ്ഞ കുറച്ചു കാലങ്ങളായി ബിജെപിയും വരുണ്‍ ഗാന്ധിയും തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ട്. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വരുണിനെ ബിജെപി തഴഞ്ഞതും, പ്രധാന മന്ത്രിയെ വിമര്‍ശിച്ച് വരുണ്‍ രംഗത്ത് വന്നതുമെല്ലാം ഈ അസ്വാരസ്യങ്ങള്‍ക്കുള്ള തെളിവാണ്. ഏറെ കാലമായി പാര്‍ട്ടി ചടങ്ങുകളില്‍ വരുണ്‍ പങ്കെടുക്കാറില്ല.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിന് പിന്നാലെ വരുണ്‍ ഗാന്ധിയും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അഭ്യൂഹം.
വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ അതിന്‍റെ പ്രേരക പ്രിയങ്ക ഗാന്ധിയായിരിക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹാജി മന്‍സൂര്‍ അഹമ്മദ് പറയുന്നത്. പ്രിയങ്ക ഗാന്ധിയുടെ കുടുംബവുമായി വരുണ്‍ ഗാന്ധിയ്ക്ക് വളരെ നല്ല ബന്ധമാണ്. എന്നാല്‍ വരുണ്‍ ഗാന്ധിയുടെ അമ്മയായ മേനകാ ഗാന്ധി ബിജെപി മന്ത്രിയായതിനാല്‍ വരുണ്‍ കോണ്‍ഗ്രസിലേക്ക് വരില്ലെന്ന് കരുതുന്നവരുമുണ്ട്.