സംഗീത സംവിധായനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്‍റെ അപകട മരണമുണ്ടാക്കിയ വിങ്ങല്‍ ഇന്നും മലയാളി മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. സംഗീതം കൊണ്ട് ഓരോ ആസ്വാദകന്‍റെയും ഹൃദയത്തില്‍ ഇരിപ്പിടം നേടിയ ആ കലാകാരന്‍റെയും മകള്‍ തേജ്വസി ബാലയുടെയും വിയോഗത്തില്‍ ഇന്നും ഉരുകുകയാണ് ഉറ്റവരും ഉടയവരും.

പക്ഷേ, മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞതോടെ ബാലഭാസ്കറിനെ ചുറ്റിപ്പറ്റിയുള്ള ഒട്ടേറെ ഊഹാപോഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ചിലര്‍ പ്രചരിപ്പിക്കുന്നത്. ചില ഓണ്‍ലെെന്‍ മാധ്യമങ്ങള്‍ ബാലഭാസ്കറിന്‍റെ മരണം ദുരൂഹമാണെന്നും അതിന്‍റെ ചുരളഴിയിക്കാനും മറ്റും ഇറങ്ങി തിരിച്ചിട്ടുണ്ട്.

ഇത്തരം പ്രവണതകള്‍ക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ ഇഷാന്‍ ദേവ്. കേവലം നിങ്ങളുടെ മഞ്ഞപത്ര വാർത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത്.

കൂടെ നിന്ന് ചങ്ക് പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണിതെന്നും സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളുമെന്നാണ് ഇഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇഷാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവന്‍ വായിക്കാം...

Balabhaskar Chandran - Respect his life

ആരെയും ബുദ്ധിമുട്ടിക്കാതെ ,ആരെയും പാര വെക്കാത്ത ,ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്നം ,കഷ്ട്ടപാട് ,കഠിനാധ്വാനം എന്നിവ കൊണ്ടുമാത്രം മേലെ വന്ന് എല്ലാവർക്കും മാതൃക ആയും,മാർഗദർശി ആയും മാറിയ കലാകാരനാണ് ബാലഭാസ്കർ. വെറും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകൾ ,വീഡിയോ എന്നിവ വന്നുതുടങ്ങി .കേരളം കണ്ട ഏറ്റവും മഹാനായ കലാകാരന്മാരിൽ ഒരാളാണ് ബാലഭാസ്കർ എന്ന് നിസംശയം പറയുന്ന നമ്മൾ അദ്ദേഹത്തെ ഇങ്ങനെ കരിവാരി തേക്കുന്നത് വളരെ വേദനാ ജനകമാണ് , അടുത്തറിയാവുന്ന എല്ലാവര്ക്കും പ്രിയപ്പെട്ട ആൾ തന്നെയാണ് അദ്ദേഹം ഇപ്പോഴും ,കേവലം നിങ്ങളുടെ മഞ്ഞപത്ര വാർത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത് ,കൂടെ നിന്നു ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത് .സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും ...പ്ളീസ് a