ദില്ലി: രാജ്യത്ത് ഇത്രയധികം മുസ്ലിം ജനസംഖ്യയുള്ളപ്പോഴും ഇവിടെ ചുവടുറപ്പിക്കുന്ന കാര്യത്തില്‍ തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ദയനീയമായി പരാജയപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ദില്ലിയില്‍ സംഘടിപ്പിക്കപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദി സാന്നിദ്ധ്യത്തെക്കുറിച്ചും കശ്മീര്‍ പ്രശ്നത്തെക്കുറിച്ചും രാജ്നാഥ് സിങ് അഭിപ്രായ പ്രകടനം നടത്തിയത്.
രാജ്യത്തെ ആഭ്യന്തര സുരക്ഷ തൃപ്തികരമായ നിലയിലാണിപ്പോള്‍. ലോകത്ത് തന്നെ ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇത്രയധികം മുസ്ലിം ജനസംഖ്യയുണ്ടായിട്ടും ഇസ്ലാമിക് സ്റ്റേറ്റിന് ഇവിടെ വേറുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തനിക്ക് പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ പറയാനാകും. പഞ്ചാബിലുണ്ടായ രണ്ട് ഭീകരാക്രമണങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ രാജ്യ സുരക്ഷയ്ക്ക് കാര്യമായ ഭീഷണികള്‍ സമീപകാലത്തുണ്ടായിട്ടില്ല. ഐ.എസ് പോലുള്ള സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണി അതിജീവിക്കുന്നതില്‍ രാജ്യം വിജയിക്കുകയും ചെയ്തു. ഐ.എസ് അനുഭാവികളായ 90 പേരെ വിവിധ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഐക്യമാണ് ഇതിന് സഹായിച്ചത്.
ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദ സംഘടനയില്‍ ഉള്‍പ്പെട്ട അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കി. ഇസ്ലാമിക് സ്റ്റേറ്റിന് പുറമെ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുല്‍ മുജാഹിദീന്റെ പോഷക വിഭാഗമായ അന്‍സാറുല്‍ ഉമ്മ പോലുള്ള സംഘടനകളെയും രാജ്യത്ത് നിരോധിച്ചു. അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി ആക്രമണങ്ങള്‍ 45 ശതമാനത്തോളം കുറഞ്ഞു. സ്വാതന്ത്ര്യം നേടിയ കാലം മുതല്‍ തുടരുന്ന കശ്മീര്‍ പ്രശ്നത്തിന് ഒരു സ്ഥിരം പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അത് ഉടനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
