സിറിയ: ഡൊണാള്‍ഡ് ട്രംപിനെതിരെ ഭീക്ഷണിയുമായി ഐ എസില്‍ ചേര്‍ന്ന പത്ത് വയസ്സുകാരനായ യൂസഫ്. ഐ എസ് പുറത്ത് വിട്ട പുതിയ വീഡിയോയിലാണ് ട്രംപിനെതിരെ ബാലന്‍റെ കൊലവിളി. അടുത്തകാലത്തായ് പ്രമുഖര്‍ക്കെതിരെ കൊലവിളികള്‍ നടത്താന്‍ കുട്ടികളെ വ്യാപകമായി ഐ എസ് ഉപയോഗിക്കുന്നുണ്ട്. ഇതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂസഫ്.

സിറയയിലെ റാഘയില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വളരെ വ്യക്തമായ ഇംഗ്ളീഷില്‍ കടുത്ത ഭാഷയിലാണ് യൂസഫ് ട്രംപിനെതിരെ സംസാരിക്കുന്നത്. ജൂതന്മാരുടെ കൈയ്യിലെ കളിപ്പാവയെന്നാണ് ട്രംപിനെക്കുറിച്ച് ബാലന്‍ പറയുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയില്‍ നിന്ന് സിറിയയിലേക്ക് തങ്ങള്‍ താമസം മാറ്റിയതെന്നും തന്‍റെ പിതാവ് ഒരു അമേരിക്കന്‍ പട്ടാളക്കാരനാണെന്നും ബാലന്‍ വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്.

ഐ എസിനെതിരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങളിലൂടെയാണ് വീഡിയോ മുന്നോട്ട് പോകുന്നത്. അമേരിക്ക തങ്ങളെ തകര്‍ക്കാന്‍ നടത്തുന്ന യുദ്ധം അവസാനിക്കുന്നത് അമേരിക്കന്‍ മണ്ണിലായിരിക്കുമെന്നും യൂസഫ് ട്രംപിനെ ഓര്‍മ്മിപ്പിക്കുന്നു.