റിയാദ്: സൗദി അറേബ്യയില്‍ ആക്രമണം നടത്തുമെന്ന് ഭീകരസംഘടനയായ ഐഎസിന്റെ ഭീഷണി. തഹ്റാനില്‍ 17പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരാവദിത്തം ഏറ്റെടുത്തതിനു പിന്നാലെയാണ് സൗദി അറേബ്യയ്ക്കെതിരായി ആക്രമണ ഭീഷണി മുഴക്കിയിരിക്കുന്നത്.
അള്ളാഹു അനുവദിച്ചിരിക്കുന്ന ഈ സേനയാണ് ഇറാനിലെ ആദ്യ ജിഹാദ്. ഞങ്ങളുടെ മുസ്ലീം സഹോദരൻമാരോട് ഞങ്ങളെ പിന്തുടരാൻ ആവശ്യപ്പെടുകയാണ്. ജ്വലിപ്പിച്ച അഗ്നി അണയാതിരിക്കട്ടെ. അള്ളാഹുവിനെയാണ് അനുസരിക്കുന്നത്. ഇറാനുശേഷം ഇനി നിന്റെ ഉൗഴമാണ്- സൗദിയെയും ഇറാനെയും ലക്ഷ്യമിട്ട് പുറത്തിറക്കിയ വീഡിയോയിൽ ഐഎസ് പറയുന്നു. ടെഹ്റാൻ ആക്രമണത്തിനുമുന്‍പ് എടുത്ത വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ഇറാൻ പാർലമെന്റിലും ഇമാം ഖൊമേനിയുടെ ശവകുടീരത്തിലും ഭീകരർ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. ആയുധധാരികൾ പാർലമെന്റിലും ഖൊമേനിയുടെ ശവകുടീരത്തിലും കടന്നാണ് ആക്രമണം നടത്തിയത്. സൗദിയിലെ അമേരിക്കന്‍ പൗരന്മാരോട് ജാഗ്രതയോടെ ഇരിക്കാന്‍ അമേരിക്ക മുന്നറിയിപ്പ് നല്കി.
ഖത്തറിനെതിരെ സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം സൃഷ്ടിക്കുന്ന പിരിമുറുക്കത്തിലാണ് ഗള്‍ഫ് മേഖല, അതിനിടയിലാണ് ഐഎസ് ഭീഷണി എന്നത് ശ്രദ്ധേയമാണ്.
