ഖത്തറിനെതിരെയുള്ള ഉപരോധത്തിൽ സൗദി പക്ഷത്തിനു പിന്തുണയുമായി ഇസ്രായേൽ രംഗത്തെത്തി. നിലവിലെ ഗൾഫ് പ്രതിസന്ധിയിൽ സൗദി പക്ഷത്തിന്റെ നിലപാടുകൾക്കൊപ്പമാണ് തങ്ങളെന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇതിനിടെ ഉപരോധമേർപ്പെടുത്തിയതിനെ തുടർന്ന് പ്രയാസമനുഭവിക്കുന്ന ഖത്തർ ബന്ധമുള്ള സൗദി കുടുംബങ്ങളെ സഹായിക്കാൻ സൗദി സർക്കാർ ഏർപ്പെടുത്തിയ സജ്ജീകരണങ്ങൾ അപര്യാപ്തമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ കുറ്റപ്പെടുത്തി.

സൗദിയും യു.എ.ഇ യും ഉൾപെടെയുള്ള അറബ് രാജ്യങ്ങൾ തങ്ങളെ ശത്രുക്കളായി കാണുന്നതിന് പകരം സൗഹൃദ രാഷ്ട്രമായി പരിഗണിച്ചു തുടങ്ങിയതായി ഇസ്രായേൽ പ്രധാനമന്ത്റി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളെ സഹായിക്കുന്നതിനാലാണ് ഖത്തറിനെതിരെ ചില അയൽ രാജ്യങ്ങൾ ഉപരോധം ഏർപെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഉപരോധമേർപ്പെടുത്തിയതിനെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന ഖത്തർ ബന്ധമുള്ള സൗദി കുടുംബങ്ങൾക്ക് സൗദി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സഹായ സജ്ജീകരങ്ങൾ തീർത്തും അപര്യാപ്തമാണെന്ന് അന്തരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി അഭിപ്രായപ്പെട്ടു.

ഖത്തരി ബന്ധങ്ങളുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ സൗദി അറേബ്യയിൽ പ്രയാസം നേരിടുകയാണെന്നും വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കാതെ ഉപരോധം തുടരുന്നത് ആധുനിക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ആംനെസ്റ്റി ചൂണ്ടി കാട്ടി. ഉപരോധം ഏർപ്പെടുത്തിയത് മൂലമുള്ള നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ഖത്തർ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുന്നോറോളം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾക്ക് പരാതി നൽകിയിരുന്നു. ഇതിനിടെ അൽ ജസീറാ ചാനൽ അടച്ചു പൂട്ടണമെന്ന സൗദിയുടെയും സഖ്യ കക്ഷികളുടെയും നിലപാടിനെ പ്രതിരോധിച്ചു കൊണ്ട് ഖത്തർ വിദേശകാര്യ മന്തി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനി രംഗത്തെത്തി.

അൽജസിറ ചാനൽ തങ്ങളുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും പുറത്തു നിന്നുള്ള ഇടപെടലുകൾ ഇക്കാര്യത്തിൽ അനുവദിക്കില്ലെന്നും ഖത്തർ വിദേശ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അറിയിച്ചു. സ്വതന്ത്ര മാധ്യമ സ്ഥാപനമെന്ന നിലയിൽ അന്തരാഷ്ട്ര മേഖലയിലടക്കം നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ അൽജസീറ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നവർ അതിനുള്ള തക്കതായ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖത്തറിന് മേൽ നയതന്ത്ര ഉപരോധം അടിച്ചേൽപിക്കാനുള്ള യഥാർത്ഥ കാരണം അൽ ജസീറാ ചാനലിന്റെ പ്രവർത്തനങ്ങളോ ഇറാൻ ബന്ധമോ ആണെന്ന് തങ്ങൾ കരുതുന്നില്ലെന്നും പാരീസിൽ വാർത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.