ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതി കേസില്‍ കുറ്റം ചുമത്തണമെന്ന് പോലീസ്. കൈക്കൂലി, വഞ്ചന എന്നീ കേസുകളില്‍ പ്രധാനമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മാസങ്ങള്‍ പിന്നിട്ട അന്വേഷണത്തിന് ശേഷമാണ് കുറ്റം ചുമത്താന്‍ പോലീസ് അറ്റോര്‍ണി ജനറലിന് ശുപാര്‍ശ നല്‍കിയത്.
പോലീസ് കൈമാറിയ ശുപാര്‍ശയില്‍ പ്രധാനമന്ത്രിക്കെതിരായ കേസുകളും തെളിവുകളും പരിശോധിക്കുകയാണ് അറ്റോര്‍ണി ജനറല്‍. കേസുമായി മുന്നോട്ട് പോകണോയെന്ന കാര്യം അറ്റോണി ജനറലിന്‍റെ തീരുമാന പ്രകാരമായിരിക്കും.
ഇസ്രായേലിലെ യെദ്യോത് അഹ്റോനത് എന്ന പ്രുമുഖ പത്രത്തിന്‍റെ പ്രസാധകനുമായി രഹസ്യ കരാര്‍ ഉണ്ടാക്കി എന്നതാണ് ഒരു കേസ്, വിമത പത്രമായ ഇസ്രായേലി ഹയോം എന്ന പത്രത്തിന്‍റെ സ്റ്റാറ്റസ് കുറച്ചാല്‍ നെതന്യാഹുവിനെ പ്രകീര്‍ത്തിക്കുന്ന ധാരാളം വാര്‍ത്തകള്‍ നല്‍കാമെന്നായിരുന്നു കരാര്‍. ചില കോടീശ്വരന്മാര്‍ ചെയ്തു കൊടുത്ത ഉപകാരത്തിന് വന്‍ വിലവരുന്ന ചുരുട്ടുകളും ആഭരണങ്ങളും സമ്മാനമായി സ്വീകരിച്ചുവെന്നതാണ് മറ്റൊരു കേസ്.
അതേസമയം ആരോപണങ്ങള്‍ നെതന്യാഹു നിഷേധിച്ചു. സത്യം പുറത്ത് വരും. ദൈവം സഹായിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പുലും താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
