റോക്കറ്റ് വിക്ഷേപണത്തിന്‍റെ ചെലവ് കുറയ്‌ക്കാന്‍ സഹായിക്കുന്ന പുതിയ റോക്കറ്റ് എന്‍ജിന്‍ ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു. സൂപ്പര്‍സോണിക് കംബസ്ഷന്‍ റാം ജെറ്റ് എന്ന സ്ക്രാംജെറ്റ് എന്‍ജിനാണ് ഇന്ന് ശ്രീഹരിക്കോട്ടയില്‍ വെച്ച് ഐഎസ്ഐആര്‍ഒ പരീക്ഷിച്ചത്.

സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിക്കപ്പെട്ട രണ്ട് സ്ക്രാംജെറ്റ് എന്‍ജിനുകള്‍ ചരിത്രനേട്ടമാണ് ഐഎസ്ആര്‍ഒയ്‌ക്ക് നേടിക്കൊടുത്തിരിയ്‌ക്കുന്നത്. ഓക്‌സിജനും ഇന്ധനവും സംഭരിച്ച ശേഷം വിക്ഷേപിയ്‌ക്കുന്ന പരമ്പരാഗത റോക്കറ്റ് സാങ്കേതികവിദ്യക്കു പകരം അന്തരീക്ഷത്തിലുള്ള ഓക്‌സിജന്‍ ഉപയോഗിച്ച് ഉള്ളിലെ ഇന്ധനത്തെ കത്തിച്ച് മുന്നേറാന്‍ സഹായിയ്‌ക്കുന്ന സാങ്കേതികവിദ്യയാണ് സ്ക്രാം ജെറ്റ് എന്‍ജിനിലുള്ളത്. എയര്‍ ബ്രീത്തിംഗ് റോക്കറ്റ് സിസ്റ്റം എന്നാണ് ഇതിന് പേര്. ഓക്‌സിജന്‍ സംഭരിക്കാനുള്ള ഓക്‌സിഡെസര്‍ റോക്കറ്റില്‍ നിന്ന് ഒഴിവാക്കുക വഴി റോക്കറ്റ് വിക്ഷേപണത്തിലെ വലിയ ചെലവാണ് കുറയുന്നത്. രാവിലെ ആറ് മണിയോടെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ വെച്ചായിരുന്നു സൂപ്പര്‍സോണിക് കംബസ്ഷന്‍ റാം ജെറ്റ് എന്ന സ്ക്രാംജെറ്റ് എന്‍ജിനുകള്‍ ഐഎസ്ആര്‍ഒ പരീക്ഷിച്ചത്. അഞ്ച് മിനിറ്റോളം നീണ്ടുനിന്ന പരീക്ഷണത്തില്‍ രണ്ട് എന്‍ജിനുകള്‍ ആറ് സെക്കന്‍റ് വീതം പ്രവര്‍ത്തിപ്പിച്ചു. പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കിരണ്‍കുമാര്‍ വ്യക്തമാക്കി. 1970-കളില്‍ വികസിപ്പിച്ചെടുത്ത ആര്‍എച്ച 560 എന്ന റോക്കറ്റില്‍ സ്ക്രാംജെറ്റ് എഞ്ചിന്‍ ഘടിപ്പിച്ച്, 20 കിലോമീറ്റര്‍ ഉയരത്തില്‍ വിക്ഷേപിച്ചാണ് നിലവില്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. ഉപഗ്രഹവിക്ഷേപണത്തിനുപയോഗിക്കുന്ന ഇന്ത്യയുടെ റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ എന്ന ആര്‍എല്‍വികളില്‍ ഈ എഞ്ചിന്‍ ഉപയോഗിക്കാവുന്ന തരത്തില്‍ വികസിപ്പിച്ചെടുക്കുകയാണ് ഇനി ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. പരീക്ഷണം വിജകരമായതിനെത്തുടര്‍ന്ന് ഐഎസ്ഐര്‍ഒയെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അഭിനന്ദിച്ചു.