തൃശൂര്‍: സര്‍ക്കാരും ഗുരുവായൂർ ദേവസ്വം ബോര്‍ഡുമായുള്ള പോര് മുറുകുന്നു. ദേവസ്വത്തിന് സർക്കാർ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയെന്ന് ചെയർമാൻ എൻ പീതാംബരക്കുറുപ്പ് ആരോപിച്ചു.
പിണറായി സർക്കാർ അധികാരത്തിലേറിയത് മുതൽ വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരും ഗുരുവായൂർ ദേവസ്വം ബോർഡും രണ്ട് തട്ടിലാണ്. കേന്ദ്ര സർക്കാരിന്‍റെ പ്രസാദ് പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഗുരുവായൂരിലെ ഭരണസമിതി തുടരണോയെന്ന കാര്യം പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എൻ പീതാംബരക്കുറുപ്പ് രംഗത്തെത്തിയത്. ദേവസ്വം ബോർഡിന്‍റെ ബജറ്റിന് അംഗീകാരം നൽകാതിരുന്നതാണ് ഭരണസമിതിയുടെ പ്രതിഷേധത്തിന് കാരണം.
ദേവസ്വത്തോട് സംസ്ഥാന സർക്കാർ കാണിക്കുന്ന സാമ്പത്തിക ഉപരോധം ഈ നിലയിൽ തുടരുകയാണെങ്കിൽ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി, തിരുവോണസദ്യ, ചെമ്പൈ സംഗീതോത്സവം പോലുള്ള പ്രധാന വിശേഷങ്ങൾ ചടങ്ങു മാത്രമായി നടത്തേണ്ടിവരുമെന്നും ചെയർമാൻ പറഞ്ഞു.നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹൈക്കോടതിയെ വിവരമറിയിച്ചിട്ടുണ്ടെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.
