കൊച്ചി: രാഷ്ട്രീയക്കാരുടെ അനധികൃത സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ആവശ്യം ആദായ നികുതി വകുപ്പ് തള്ളി. വ്യക്തികളുടെ പേരു പറയാതെ പൊതുവായി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ നല്‍കാന് കഴിയില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. അതാത് വ്യക്തികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയതാല്‍ മാത്രമേ വിവരങ്ങള്‍ നിയമപരമായി കൈമാറാനാകൂ എന്നാണ് വകുപ്പിന്റെ നിലപാട്
മുത്തൂറ്റ് ഗ്രൂപ്പില്‍പ്പെട്ട വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകളില്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞ മാസം റെയ്ഡ് നടത്തി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ സ്ഥാപനങ്ങളില്‍ നിക്ഷേപമുള്ള രാഷ്ട്രിയ നേതാക്കളുടേയും പൊതുപ്രവര്‍ത്തകരുടേയും ബിനാമികളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വിജിലന്‍സ ഡയറക്ടര്‍ ജേക്കബ് തോമസ് കത്ത നല്‍കിയത്.
ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ എസ് എസ് റാത്തോറിനായിരുന്നു കത്ത് നല്‍കിയത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, ഇവ നല്‍കാനാവില്ലെന്നാണ് വകുപ്പിന്റെ മറുപടി. പൊതുവായുള്ള ഒരു കത്തിന്റെ പേരില്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനാവില്ല. എതെങ്കിലും വ്യക്തിയുടെ പേരിലാണ് വിവരങ്ങള്‍ ചോദിക്കേണ്ടത്. ഈ വ്യക്തിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.മാത്രമല്ല ആ വ്യക്തിയുടെ അധികാര പരിധിയിലുള്ള ആദായ നികുതി കമീഷണര്‍ക്കാണ് കത്ത് നല്‍കേണ്ടതും. ഇവിടെ കത്ത് നല്‍കിയിരിക്കുന്നത് ഡയറക്ടര്‍ ജനറലിനാണ്.
പേരുകള്‍ കണ്ടാല്‍ അവര്‍ രാഷ്ട്രീയ നേതാക്കളാണോ പൊതുപ്രവര്‍ത്തകരാണോ ബിനാമികളാണോ എന്ന് വകുപ്പിന് മനസ്സിലാക്കാനാവില്ല. പിടിച്ചെടുത്ത രേഖകളുടെ താല്‍ക്കാലിക സൂക്ഷിപ്പുകാരന്‍ മാത്രമാണ് ആദായ നികുതി വകുപ്പ്. രേഖകളുടെ കാര്യത്തില്‍ മൂന്നാം കക്ഷി മാത്രം. പൊതുവായ കത്തിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ കൈമാറിയാല്‍ അത് നിക്ഷേപകരുടെ വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കൈകകടത്തലാകും. അങ്ങിനെ വന്നാല്‍ ഈ വ്യക്തികള്‍ക്ക് വകുപ്പിനെതിരെ കേസ് നല്‍കാം. അത്തരമൊരു സാഹചര്യം വകുപ്പ് ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ മാത്രം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്.
