ഖാപ്പ് പഞ്ചായത്തുകള്‍ പ്രായപൂര്‍ത്തിയായവരുടെ വിവാഹം തടയുന്നത് നിയമ വിരുദ്ധം 

ദില്ലി: പ്രായപൂര്‍ത്തിയായവരുടെ വിവാഹം തടയാന്‍ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. രണ്ട് പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ വിവാഹം ചെയ്താല്‍ അത് അവസാനിപ്പിക്കാന്‍ ഖാപ്പ് പഞ്ചായത്തുകള്‍ക്കാവില്ല. ഏതെങ്കിലും തരത്തില്‍ വിവാഹം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ശക്തി വാഹിനി എന്ന എന്‍ജിഒ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. 2010 ലാണ് പ്രായപൂര്‍ത്തിയായ ദമ്പതികളെ ദുരഭിമാന കൊലയില്‍നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. 

ഉത്തരേന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ ജാതിയുടെയോ, സമുദായത്തിന്‍റെയോ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളായ ഖാപ്പ് പഞ്ചായത്തുകള്‍ നിയമങ്ങള്‍ക്കതീതമായി തീരുമാനങ്ങള്‍ എടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഖാപ്പ് പഞ്ചായത്തുകള്‍ കൂടുതലായുമുള്ളത്.