പൂനെ: 35 കാരനായ ഐടി പ്രൊഫഷണലും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ. അവരുടെ നാല് വയസ്സുകാരനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ദമ്പതികൾ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ കുട്ടിയുടെ മരണത്തിന് കാരണമറിയാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
പൂനെയിലെ ബാനർ മേഖലയിലാണ് സംഭവം. ഗുജറാത്ത് സ്വദേശിയായ ജയേഷ് പട്ടേൽ (35), ഭാര്യ ഭൂമിക (30), മകൻ നക്ഷ് (4) എന്നിവരാണ് മരിച്ചത്. വീടിന്‍റെ വാതിൽ തുറക്കാത്ത നിലയിൽ കിടന്നതോടെയാണ് സംശയം തോന്നിയ പരിസരവാസികൾ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയും ഭർത്താവും വീടിന്‍റെ സീലിങിൽ തൂങ്ങി മരിച്ചനിലയിലും കുട്ടിയെ തറയിൽ ജീവനില്ലാത്ത നിലയിലും കണ്ടെത്തുകയായിരുന്നു.
നക്ഷ് മരിച്ചതെന്ന് എങ്ങനെയെന്നറിയാൻ പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. കുഞ്ഞിന്‍റെ അസുഖത്തിൽ ജയേഷ് അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞതായി പൊലീസ് പറയുന്നു. പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്.
