ചെന്നൈ: അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി ശശികല സ്ഥാനമേറ്റെടുക്കാൻ ഒരുങ്ങുന്നതിനിടയിൽ തമിഴ്നാട്ടിൽ വ്യാപകമായി നടക്കുന്ന ആദായനികുതി വകുപ്പ് റെയ്ഡുകൾ പാർട്ടി നേതൃത്വത്തെ വെട്ടിലാക്കുകയാണ്. കേസിൽ പ്രതികളായ ആന്ധ്രാ സ്വദേശികളായ റെഡ്ഡി സഹോദരൻമാർക്ക് എഐഎഡിഎംകെയിലെ ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് അണിയറ സംസാരം. നോട്ട് അസാധുവാക്കൽ നടപടിയ്ക്ക് ശേഷം ഇത്രയധികം പണവും സ്വർണവും പിടിച്ചെടുക്കുന്നത് രാജ്യത്തു തന്നെ ഇതാദ്യമാണെന്നാണ് ആദായനികുതി വകുപ്പുദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.   

177 കിലോ സ്വർണം, 130 കോടി രൂപ. ഇതിൽ 34 കോടി പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ. ആന്ധ്രാ സ്വദേശിയായ ശേഖർ റെഡ്ഡിയുടെയും സഹോദരനായ ശ്രീനിവാസ റെഡ്ഡിയുടെയും സഹായി പ്രേമിന്റെയും വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്ത പണത്തിന്റെയും സ്വർണത്തിന്‍റെയും ഏറ്റവുമൊടുവിൽ പുറത്തു വന്ന കണക്കിതാണ്. പുതിയ നോട്ടുകളിൽ ഇരുപത്തിനാല് കോടി രൂപ ലഭിച്ചത് വെല്ലൂരിലെ ശേഖർ റെഡ്ഡിയുടെ വീടിനടുത്ത് നിർത്തിയിട്ടിരുന്ന ഒരു അജ്ഞാതവാഹനത്തിൽ നിന്നാണ്. തമിഴ്നാട്ടിലെ പ്രമുഖ മണൽ വ്യവസായികളായ റെഡ്ഡി സഹോദരൻമാർക്ക് ഇതിനു പുറമേ നിരവധി ബിസിനസ്സുകളുണ്ടെന്നും തുടരുന്ന റെയ്ഡുകളിൽ ഇനിയും പണം പിടികൂടാനിടയുണ്ടെന്നും  ആദായനികുതി വകുപ്പുദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.

എന്നാൽ ശേഖർ റെഡ്ഡിയ്ക്ക് എഐഎഡിഎംകെയുടെ ഉന്നതനേതൃത്വവുമായി ഉള്ള ബന്ധം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപിയ്ക്കുമെന്ന് ഒരു വിഭാഗം കരുതുന്നുണ്ട്. ജയലളിത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാലത്ത് തിരുപ്പതി ദേവസ്വം ബോർഡ് അംഗമായിരുന്ന ശ്രീനിവാസ റെഡ്ഡി ക്ഷേത്രത്തിലെ പ്രസാദവുമായി അപ്പോളോ ആശുപത്രിയിലെത്തിയിരുന്നു. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ ജയലളിതയെ കർണാടക ഹൈക്കോടതി വെറുതെ വിട്ടപ്പോൾ പ്രാർഥനയുമായി തിരുപ്പതി ക്ഷേത്രത്തിലെത്തിയ ഇപ്പോഴത്തെ മുഖ്യമന്ത്രി പനീർശെൽവത്തിനൊപ്പവും സജീവസാന്നിധ്യമായി റെഡ്ഡിയുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് ഫണ്ടിനുൾപ്പടെ പാ‍ർട്ടിയ്ക്ക് കൈയയച്ച് സാമ്പത്തിക സഹായം നൽകി വന്നിരുന്ന റെഡ്ഡിയ്ക്ക്, തമിഴ്നാട്ടിലെ പല സർക്കാർ നിർമാണപദ്ധതികളിലും പങ്കാളിത്തമുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. ജയലളിതയുടെ തോഴി ശശികല പാർട്ടി ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കാനൊരുങ്ങുകയും മറുവശത്ത്, ഒ പനീർശെൽവം മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഭരണനിർവഹണം തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന റെഡ്ഡി സഹോദരൻമാരുടെ വീട്ടിലുണ്ടായ റെയ്ഡ് നേതൃത്വം ആശങ്കയോടെയാണ് കാണുന്നത്. ഡിസംബർ 15 ന് മാർഗഴി മാസം തുടങ്ങുന്നതിനാൽ അതിന് മുൻപുതന്നെ ശശികല പാർട്ടി ജനറൽ സെക്രട്ടറി പദം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്.