കൊച്ചി: ശ്രീവല്‍സം സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തി. ഗ്രൂപ്പിന്റെ പേരിലുള്ള അനധികൃത നിക്ഷേപം 3000 കോടി രൂപ കവിഞ്ഞേക്കുമെന്നാണ് സൂചന. കേരളത്തിലും നാഗാലാന്‍‍ഡിലുമായി നിരവധി ഭൂമിഇടപാടുകള്‍ നടത്തിയെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ശ്രീവല്‍സം സ്ഥാപനങ്ങളുടെ ഉടമയും നാഗാലാന്‍ഡിലെ അഡീഷണല്‍ എസ്‌പിയുമായിരുന്ന എം കെ രാജശേഖരന്‍ പിളളയുടെ ഓഫീസുകളിലും വീടുകളിലും നടത്തിയ പരിശോധിനയിലാണ് ഭൂമി ഇടപാടുകളുടെ രേഖകള്‍ കിട്ടിയത്. ഇരുസംസ്ഥാനങ്ങളിലെയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി പ്രത്യേക സ്ഥാപനം തന്നെ രൂപീകരിച്ചിരുന്നു. കൊഹിമ കേന്ദ്രീകരിച്ചായിരുന്നു നാഗാലാന്‍ഡിലെ ഭൂമി ഇടപാടുകള്‍. ഇവിടുത്തെ ആദിവാസി കരാറുകാരനും എം കെ പിളളയുടെ ഭൂമി ഇടപാടുകളിലെ പങ്കാളിയാണ്.

എന്നാല്‍ വലിയ ഇടപാടുകള്‍ക്കുളള ശേഷി ഈ കരാറുകാരന് ഇല്ലെന്ന് തിരിച്ചിറിഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിലും എംകെആര്‍ പിളള തന്നെയോ മറ്റാരെങ്കിലുമോ ഈ നിക്ഷേപത്തിന് പിന്നിലും ഉണ്ടാകാമെന്നാണ് സംശയിക്കുന്നത്. നാഗാലാന്‍ഡിലെ ബോ‍ഡോ തീവ്രവാദം ഇല്ലാതാക്കുന്നതിനും ആദിവാസി ക്ഷേമത്തിനുമായി അനുവദിച്ച കോടിക്കണക്കിന് രൂപ ശ്രീവല്‍സം സ്ഥാപനങ്ങളിലേക്ക് വകമാറ്റിയതായും സംശയിക്കുന്നുണ്ട്.

നാഗാലന്‍ഡിലെ ചില പൊലീസ് വാഹനങ്ങളും ഇടപാടുകള്‍ക്ക് മറയാക്കി. നാഗാലാന്‍‍ഡ് പൊലീസിന്റെ ട്രക്ക് എം കെ ആര്‍ പിളളയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ആദായനികുതി വകുപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിരമിച്ചതിനുശേഷവും നാഗാലാന്‍ഡ് പോലീസ് ആസ്ഥാനത്ത് എംകെആര്‍ പിള്ള ഉപദേശകനായി ജോലി ചെയ്യുന്നുണ്ട്. നാഗാലാന്‍ഡ് പോലീസ് സേനയുടെ മുഴുവന്‍ വാഹനങ്ങളുടെയും ചുമതലയാണ് പിള്ളയ്ക്കുള്ളത്. സര്‍വീസ് കാലത്ത് രാജ്യാതിര്‍ത്തിയില്‍ നിന്നും പോലീസ് വാഹനങ്ങളില്‍ കള്ളക്കടത്തുനടത്തിയന്ന ആരോപണത്തത്തുടര്‍ന്ന് പിള്ള നടപടി നേരിട്ടുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.