കൊച്ചി: സ്മാർട് സിറ്റിയുടെ നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് ടീകോം പിന്മാറിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഐ.ടി സെക്രട്ടറി. സ്മാർട് സിറ്റി നിർമാണം മുൻ നിശ്ചയിച്ച പോലെ പുരോഗമിക്കുകയാണ്. നൂതന സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കിയുള്ള പ്രൊജക്ടുകൾ കൂടി സ്മാർട് സിറ്റിയിൽ ഉൾപ്പെടുത്താൻ ശ്രമം നടത്തുന്നുണ്ടെന്നും ഐടി വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തിന്‍റെ അഭിമാന പദ്ധതികളിലൊന്നായ സ്മാർട് സിറ്റി അനിശ്ചിതത്തിലാകില്ലെന്നാണ് ഐടി വകുപ്പ് വ്യക്തമാക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്മാർട് സിറ്റി ഡയറക്ടർ ബോർഡ് യോഗം കഴിഞ്ഞ ദിവസം ദുബൈയിൽ ചേർന്നിരുന്നു. ഇതിൽ മുൻനിശ്ചയിച്ച രൂപരേഖ പ്രകാരം നിർമാണം പൂർത്തിയാക്കുമെന്ന് സ്മാർട് സിറ്റി നിർമാതാക്കളായ ടീകോം വ്യക്തമാക്കി. 

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതിക വിദ്യകൾ അടിസ്ഥാനമാക്കിയുള്ള പ്രൊജക്ടുകൾ സ്മാർട് സിറ്റിയിൽ ഉൾക്കൊള്ളിക്കാനും ടീകോം ശ്രമം നടത്തുന്നുണ്ട്. ഇതിനിടയിൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കൊച്ചിയിൽ നിന്ന് ടീകോം പിന്മാറുന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2021ന് മുന്പ് 88 ലക്ഷം ചുതുരശ്ര അടിയിൽ ഐടി സമുച്ചയങ്ങൾ നിർമിച്ച് നൽകുമെന്നായിരുന്നു ടീകോം സർക്കാരുമായി ഉണ്ടാക്കിയ കരാർ. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷമായിട്ടും ആറര ലക്ഷം ചതുരശ്ര അടി നിർമാണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ഒരു ലക്ഷം പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്തിടത്ത് ജോലി കിട്ടിയത് പതിനായിരത്തോളം പേർക്ക് മാത്രം.