തിത്‍ലി ചുഴലിക്കാറ്റില്‍ ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശനഷ്ടം. ഒഡീഷയിലെ ഗോപാൽപൂരിൽ മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. 18 ജില്ലകളിൽ റെഡ് അല‍ർട്ട് പ്രഖ്യാപിച്ചു.മൂന്ന് ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. പലയിടത്തും വൈദ്യുതിബന്ധം താറുമാറായി. 

ഓഡീഷ: തിത്‍ലി ചുഴലിക്കാറ്റില്‍ ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശനഷ്ടം. ഒഡീഷയിലെ ഗോപാൽപൂരിൽ മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. 18 ജില്ലകളിൽ റെഡ് അല‍ർട്ട് പ്രഖ്യാപിച്ചു.മൂന്ന് ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. പലയിടത്തും വൈദ്യുതിബന്ധം താറുമാറായി. തെക്കു കിഴക്കൻ ജില്ലകളിൽ കനത്ത മഴ തുടങ്ങി. ഒഡീഷയിലെ ഗോപാൽപൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശുക. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒഡീഷയിലെ ഗഞ്ചം, ഗജപതി ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടം. ആന്ധ്രയിലെ ശ്രീകാകുളത്തും ചുഴലിക്കാറ്റ് നാശം വിതച്ചു. ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിലുളള ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 

5 തീരദേശ ജില്ലകളിൽ നിന്നാണ് ഏതാണ്ട് മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചത്. ഇന്നു പുലർച്ചെ അ‍ഞ്ചരയോടെ ചുഴലിക്കാറ്റ് ശക്തമായ മഴയോടെ ഒഡീഷാ തീരത്ത് എത്തുമെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. അഞ്ചു ജില്ലകളുടെ കലക്ടർമാരോടും തീരത്തു നിന്നു ജനത്തെ അടിയന്തരമായി ഒഴിപ്പിക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.

ഒഡീഷയിൽ വിവിധ സ്ഥലങ്ങളിലായി 836 ക്യാംപുകൾ തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കി നിർത്തി. വേണ്ടിവന്നാൽ പട്ടാളത്തിന്റെ സഹായം തേടും. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇന്നു നാളെയും അവധി നൽകി.